വില്ലനായി എത്തിയത് കൊതുക്; മരണത്തോട് മല്ലടിച്ച് 17കാരി

0


കൊതുക് കടിയേറ്റ് അപൂർവ രോഗം ബാധിച്ച പെൺകുട്ടി ചികിത്സാ സഹായം തേടുന്നു. പത്തനംതിട്ട സ്വദേശി ജെയ്സൺന്റെ മകൾ സാന്ദ്രയാണ് അപൂർവരോഗ ബാധയെത്തുടർന്ന് ചികിത്സാ സഹായം തേടുന്നത്.

2014ല്‍ അവധിക്കാലത്ത് ഷാർജയിൽ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയ്ക്ക് കൊതുകു കടിയേൽക്കുന്നത്. ചിക്കൻ പോക്സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ ഹെനോക് സ്കോളിൻ പർപുറ എന്ന അപൂര്‍വ രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചത്. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളിൽ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. ഇൗ വര്‍ഷം നടത്തിയ കിഡ്നി ബയോപ്സിയിലൂടെ വൃക്കകൾ 70 ശതമാനം പ്രവർത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു.
ഷാർജ ഇന്ത്യൻ സ്കൂളിൽ 12–ാം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. കുട്ടിക്ക് എണീറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ല. നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണയ്ക്കുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ.
മാതാവിന്‍റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കൽ സാധ്യമല്ല. വൃക്കദാതാവിന്‍റെ ചെലവടക്കം ചുരുങ്ങിയത് 50 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് കണക്കാക്കുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജെയ്സണിന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. നന്മ നിറഞ്ഞ മനസ്സുകളിലാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ പ്രതീക്ഷ.

- Advertisement -