നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി; വിവാഹചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

0

ഏറെ കാത്തിരിപ്പിനൊടുവിൽ മണികണ്ഠനും അഞ്ജലിയും ഒന്നാവുകയാണ്. കൊറോണബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചു ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ചടങ്ങ്. ലളിതമായ ചടങ്ങിൽ നടൻ മണികണ്ഠൻ ആചാരി മരട് സ്വദേശി അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തി.


എരൂർ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹസൽക്കാരത്തിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വധു വരന്മാർ നൽകിയത്. തുക എം എൽ എ എം സ്വരാജ് ഏറ്റുവാങ്ങി.


ആറു മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ലോക്ക് ഡൗൺ ആയാലും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനം എടുക്കുകയായിരുന്നു. രാജീവ്‌ രവി ചിത്രം കമ്മട്ടി പാടത്തിലൂടെയാണ് മണികണ്ഠന്റെ സിനിമ പ്രവേശനം. ഇതിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും മണികണ്ഠൻ സ്വന്തം ആക്കിയിരുന്നു.

- Advertisement -