ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുന്നു

0


ഭൂമിയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പടര്‍ന്നു പിടിച്ച കാട്ടുതീ ആമസോണിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടെ ഉണ്ടായ ഏറ്റവും തീവ്രമായ കാട്ടുതീയാണിത്. ആവാസ വ്യവസ്ഥ തകിടം മറിയ്ക്കുന്നു എന്നതിനൊപ്പം ഭൂമിയിലെ ഓക്‌സിജന്റെ അളവിനെപ്പോലും സരമായി ബാധിച്ചേക്കാവുന്ന ഒരു സംഗതിയാണിത്.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിലെ ജൈവവൈവിധ്യം ഭീഷണി നേരിടുന്നുണ്ട്. ആമസോണിലുണ്ടായ തീപ്പിടുത്തം 2790 കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ നഗരത്തെപ്പോലും ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. തീ പിടിച്ചുണ്ടായ പുകയും ചാരവും സാവോ പോളോയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സാവോ പോളോയില്‍ പെയ്യുന്ന മഴ പോലും കറുത്ത നിറം കലര്‍ന്നതാണ്.
ഈ വര്‍ഷം മാത്രം ഇതുവരെ ചെറുതും വലുതുമായ 74000 തീപ്പിടുത്തങ്ങളാണ് ആമസോണില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ആകെയുണ്ടായത് 4000 എണ്ണം മാത്രമായിരുന്നു. ഇക്കൊല്ലത്തെ 10000ഓളം തീപ്പിടുത്തങ്ങള്‍ കഴിഞ്ഞ ആഴ്ചകളിലാണുണ്ടായത്. ഈ തീപ്പിടുത്തങ്ങളില്‍ ചിലതിനു പിന്നില്‍ കച്ചവടക്കാരും മരംവെട്ടുകാരുമാണ്. ഒരു നിശ്ചിത സ്ഥലപരിധി അഗ്‌നിക്കിരയാക്കാനാണ് അവര്‍ തീരുമാനിക്കുന്നതെങ്കിലും തീ ആളിപ്പടര്‍ന്ന് നിയന്ത്രണാതീതമായിത്തീരുകയാണ് പതിവ്.

- Advertisement -