“പക്ഷെ ഞങ്ങൾ തളർന്നിരി ക്കുന്നു, ഇതു കാണുന്ന ആരോഗ്യമുള്ള ചെറുപ്പക്കാർ ആരെങ്കിലും സഹായിക്കാൻ തയ്യാറാവണമെന്ന് അപേക്ഷി ക്കുന്നു”

0

കോവിഡ് പോരാട്ടം നിസാരമെന്ന് കരുതുന്നവരുടെ കണ്ണുതുറപ്പിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷെമീർ വികെ. കോവിഡ് സംഹാര താണ്ഡവമാടുന്ന മുംബൈയിലെ അവസ്ഥ മുൻനിർത്തിയാണ് ഡോക്ടറുടെ ശ്രദ്ധേയമായ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് ;

“35 രോഗികളെ നോക്കാൻ ഞങ്ങൾ മൂന്ന് റസിഡന്റ് ഡോക്ടർമാർ മാത്രം, നേഴ്സ്മാരോ, ക്ലീനിങ് ജീവനക്കാരോ ഇല്ല. ഐസൊലേഷൻ ആയതു കൊണ്ട് ശുശ്രൂഷിക്കാൻ ബന്ധുക്കളും ഇല്ല. രോഗികൾ എല്ലാം അതീവ ഗുരുതര സ്ഥിതിയിൽ ആണു. കൺ മുന്നിൽ മരിക്കാൻ അനുവദിക്കുന്നത് എത്തിക്കൽ അല്ല, പക്ഷെ ഞങ്ങൾ തളർന്നിരിക്കുന്നു. ഇതു കാണുന്ന ആരോഗ്യമുള്ള ചെറുപ്പക്കാർ ആരെങ്കിലും സഹായിക്കാൻ തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.” (ലിങ്ക് കമന്റിൽ )

ചിലർ പറയുന്നു ജലദോഷം ആണെന്ന്. ചിലർ ചോദിക്കുന്നു നിങ്ങൾക്ക് ഇപ്പോഴും “റൂട്ട് മാപ് വരച്ച് കളിയൊക്കെ” ഉണ്ടോ എന്ന്. അതേ സമയം മുംബൈയിലെ സർക്കാർ ആശുപത്രിയിൽ നിന്നും മൂന്നു റസിഡന്റ് ഡോക്ടർമാർ റെക്കോർഡ് ചെയ്തു അയച്ച വീഡിയോയിൽ അവർ പറയുന്ന വാചകങ്ങൾ ആണ് മുകളിൽ.

കേരളക്കാർക്ക് മുംബൈക്കാരെ അപേക്ഷിച്ചു രോഗ പ്രതിരോധ ശക്തി കൂടാൻ കാരണം എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. പിന്നെ എന്ത് ആത്മവിശ്വാസം ആണു നമുക്കെന്നും മനസ്സിലാകുന്നില്ല.

കേരളത്തിന്‌ മറ്റു നാടുകളിൽ നിന്നു വ്യത്യാസം ഉണ്ടെങ്കിൽ അതു ഒരു കാര്യത്തിൽ മാത്രം ആണ്. പൊതു ആരോഗ്യ സംവിധാനത്തിൽ. ഒരു പഴയ കാർ ഒരു വലിയ കുന്നു കയറ്റുന്ന പോലത്തെ സ്ഥിതിയാണ് ഇപ്പോൾ. ഫസ്റ്റ് ഗിയറിൽ ആക്സിലറേറ്റർ ചവിട്ടി പിടിച്ചിരിക്കയാണ്. അങ്ങനെ ആണ് ഇപ്പോൾ പ്രതിരോധിക്കുന്നത്. പിടിത്തം വിട്ടാൽ തിരിച്ചു കുത്തനെ താഴെ വരെ എത്താൻ അധികം സമയം വേണ്ട.

അവിടെ ഇവിടെയായി പ്രതീക്ഷിക്കാത്ത കേസുകൾ വരുന്നു. അപ്രതീക്ഷിതമായി ആരോഗ്യ പ്രവർത്തകർക്ക് അണുബാധ ഏൽക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ മരണം ഉടൻ വാർത്തകളിൽ പ്രതീക്ഷിക്കാം. കൂട്ടത്തോടെ ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ പോകേണ്ടി വരാം. അത് നേരത്തെ മുംബൈയിൽ കാണിച്ച പോലെ സ്റ്റാഫ്‌ ഇല്ലാതെ രോഗികൾ മാത്രം ആകുന്ന സ്ഥിതിയിൽ എത്തിക്കാം.

ഇതൊന്നും ഇവിടെ ഉണ്ടാവില്ലെന്ന് വിശ്വസിക്കാൻ കാരണങ്ങൾ ഉള്ളവർക്ക് മാത്രം ആർമാദിക്കാം. അല്ലാത്തവർക്ക് നിർദേശങ്ങൾ അനുസരിക്കാം. കാര്യങ്ങൾ അറിയാത്തവർ ആയി ഇനി ആരും ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇനിയും ഉപദേശിക്കുന്നില്ല.

രോഗാണു എല്ലാ സ്ഥലങ്ങളിലും ഒന്ന് തന്നെ. രോഗത്തിൽ ആണു വ്യത്യാസം. അത് വ്യത്യസ്തമാക്കുന്നത് വ്യക്തികളുടെ ജനിതക പ്രത്യേകതകൾ മാത്രമല്ല, അത് ഒരു നാടിന്റെ പ്രതിരോധം കൂടി ആണ്.

നേരത്തേ പറഞ്ഞ പഴയ വണ്ടി മുകളിൽ എത്തിക്കണമെങ്കിൽ രണ്ടു വഴികളേ ഉള്ളൂ.
ഒന്ന്- വണ്ടിക്കുള്ളിലെ ലോഡ് കുറയ്ക്കുക
രണ്ട്- എല്ലാവരും കൂടി ഒന്ന് കൈ വെക്കുക.
അല്ലെങ്കിൽ പകുതി വഴിയിൽ വണ്ടി നിൽക്കും. പിന്നെ തുറക്കാൻ പോകുന്ന ആരാധനാലയങ്ങളിലെ ദൈവങ്ങൾ മാത്രം ആയിരിക്കും അഭയം.

- Advertisement -