പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ സംഘം

0


മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ സംഘം. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇത് മൂന്നാം തവണയാണ് സിബിഐ സംഘം എത്തുന്നത്. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലാണ് സംഘം എത്തിയത്. അതേസമയം, കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പത്തരവരെ കാത്തിരിക്കണമെന്നും ചിദംബത്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.


ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രണ്ട് തവണ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടില്‍ എത്തിയിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയത് സംബന്ധിച്ചാണ് കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.
ചിദംബരത്തിന് ജൂലായ് 25 മുതല്‍ പലതവണയായി ഹൈക്കോടതി അറസ്റ്റില്‍ നിന്ന് സംരക്ഷണം നീട്ടിനല്‍കിവരികയായിരുന്നു. കേസില്‍ കാര്യക്ഷമമായി അന്വേഷണം നടത്താന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് ഗൗര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ ഈ കേസില്‍ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

- Advertisement -