ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

0

ടി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിക്കാനെത്തിയ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മകന്‍ നാര ലോകേഷിനെയും വീട്ടുതടങ്കലിലാക്കി. തെലുഗു ദേശം പാര്‍ട്ടിയുടെ നിരവധി നേതാക്കളും വീട്ടുതടങ്കലിലാണ്.

ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നു എന്നാണ് ടി.ഡി.പിയുടെ പരാതി. പ്രതിഷേധ മാര്‍ച്ചിന് പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് നായിഡുവിനെ വീട്ടുതടങ്കലിലാക്കിയത്.

ടി.ഡി.പി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 12 മണിക്കൂര്‍ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തു. ടി.ഡി.പി പ്രതിഷേധം തടയാന്‍ നരസരോപേട്ട, സട്ടനെപള്ളെ, പല്‍നാട്, ഗുരാജാല എന്നിവിടങ്ങളില്‍ 144 വകുപ്പ് പ്രഖ്യാപിച്ചു. സെക്ഷന്‍ 144 പ്രഖ്യാപിച്ചതിനാല്‍ ടി.ഡി.പിയുടെ പ്രതിഷേധം നടത്താന്‍ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാങ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈ.എസ്.ആര്‍.സി.പി നേതാക്കളുടെ ആക്രമണത്തില്‍ എട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ടി.ഡി.പി ആരോപിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം അഞ്ഞൂറിലധികം ടി.ഡി.പി പ്രവര്‍ത്തകരും അനുഭാവികളും ആക്രമിക്കപ്പെട്ടെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

- Advertisement -