വിയ്യൂര്‍ സെന്‍ട്രല്‍‍ ജയിലില്‍ നിന്ന് ഫ്രീഡം ചാനലിനുവേണ്ടി

0

കാലം മാറുന്നതിന് അനുസരിച്ച് കോലം മാറണമെന്ന് പറയാറില്ലെ, അത്തരത്തില്‍ കോലം മാറി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. എന്താണന്നല്ലെ? ആഴ്ചയില്‍ രണ്ടു ദിവസം തടവുകാര്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളുമെത്തിക്കുന്ന ഒരു ചാനല്‍ സ്വന്തമായി തുടങ്ങിയിരിക്കുകയാണ് ജയിലില്‍. ഫ്രീഡം ചാനല്‍ എന്നു പേരിട്ടിരിക്കുന്ന ചാനലിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നത് തടവുകാര്‍ തന്നെയാണ് എന്നതാണ് ചാനലിന്റെ പ്രത്യേകത.

ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്യാന്‍ സാങ്കേതിക വൈദഗ്ധ്യമുള്ള തടവുകാരുണ്ട്. തടവുകാരുടെ നിയമസംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയന്റാണ് മറ്റൊരു ആകര്‍ഷണം. തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്.
‘തടവുകാര്‍ക്ക് ദൃശ്യാനുഭവമുണ്ടാക്കുന്നതിനും അവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതിനൊപ്പം തടവുകാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാനും ചാനലിലൂടെ സാധിക്കുന്നുണ്ട്’ ജയില്‍ സൂപ്രണ്ട് എന്‍എസ് നിര്‍മ്മലാനന്ദന്‍ നായര്‍ പറയുന്നു.


ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. തടവുകാര്‍ക്ക് ഫ്രീഡം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ പ്രതികരണം അറിയിക്കുന്നതിന് എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.
ഫ്രീഡം ചാനലിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ ജയിലിന് പുറത്തിറങ്ങിയാലും നല്ലൊരു വരുമാനമാര്‍ഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് തടവുകാര്‍.
ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. 3 മാസം മുമ്പാണ് ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. 2 വര്‍ഷം മുമ്പ് ജയിലില്‍ തടവുകാര്‍ക്കായി ഒരു റേഡിയോ ചാനല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഒരു പരിഷ്‌കരിച്ച രൂപമായാണ് ചാനല്‍ തുടങ്ങിയതെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു.

- Advertisement -