മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഐ കെ ഗുജറാള്‍, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു ജയ്പാല്‍ റെഡ്ഡി.

പൊതുജീവിതം കോണ്‍ഗ്രസില്‍ തുടങ്ങിയ ജയ്പാല്‍ റെഡ്ഡി അടിയന്തരാവസ്ഥയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവേശിച്ചു. തെലങ്കാനയിലെ മക്താല്‍ മണ്ഡലത്തില്‍ നിന്ന് നാല് തവണ കോണ്‍ഗ്രസ് എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദം വഹിക്കവെയാണ് 1984-ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് ജയ്പാല്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്.

1990 മുതല്‍ 1996 വരെ രാജ്യസഭാംഗമായും പിന്നീട് 1991 മുതല്‍ 1992 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 1980-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999 ലാണ് ജയ്പാല്‍ റെഡ്ഡി തിരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2004-ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍ നിന്നും 2009-ല്‍ ചെവല്ല മണ്ഡലത്തില്‍ നിന്നും അദ്ദേഹം വീണ്ടും ലോക്‌സഭയില്‍ എത്തി. വാര്‍ത്താ വിതരണം, പെട്രോളിയം, നഗരവികസനം, സയന്‍സ് ആന്റ് ടെക്‌നോളജി തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിയിലേക്ക് മൃതദേഹം എത്തിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

- Advertisement -