മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി നഗരസഭ നടപടികള്‍ തുടങ്ങി

0

സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി നഗരസഭ നടപടികള്‍ ആരംഭിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം.

ഇതിനായി വിദഗ്ദ്ധരുടെ പാനല്‍ തയാറാക്കും. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നല്‍കും. അതേസമയം, ഇതുസംബന്ധിച്ച പുതിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. കോടതി ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 20-നകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍, ഫ്ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

- Advertisement -