പോലീസ് വേഷത്തിലെത്തുന്ന തെയ്യത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

0

നമ്മുടെ സ്വന്തം പരമ്പരാഗതമായ അനുഷ്ഠാന കലയാണ് തെയ്യം. ക്ഷേത്രങ്ങളില്‍ നമ്മള്‍ തെല്ലു ഭയത്തോടും ബഹുമാനത്തോടും ഭക്തിയോടും കണ്ടിരുന്നതാണ്. എന്നാല്‍ പോലീസ് തെയ്യമെന്നു കേട്ടിട്ടുണ്ടോ? ഇന്നത്തെ പോലീസ് വേഷത്തില്‍ തന്നെ ക്ഷേത്രത്തിലെ കാണികളെ മുഴുവന്‍ നിയന്ത്രിക്കുന്ന തെയ്യം!!!

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാടാണ് ഈ തെയ്യക്കോലം അരങ്ങേറുന്നത്. വര്‍ഷാവര്‍ഷം നടത്തിവരുന്ന ഒരു തെയ്യക്കോലമാണ് പോലീസ് തെയ്യം. പടവീരന്‍ എന്നും ഈ തെയ്യത്തിനു പേരുണ്ട്. പഴയകാലത്തെ ഒരു പടയാളിയുടെ ഓര്‍മ്മപ്പെടുത്തലാണ് പൊലീസ് തെയ്യത്തിന്റെ പുരാവൃത്തത്തില്‍ ഉള്ളത്. എങ്കിലും ഇന്നുകാണുന്ന പോലീസ് വേഷത്തിലാണ് ഈ തെയ്യം അരങ്ങിലെത്തുന്നത്. ഇന്നു പോലീസ് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണു പൊലീസ് തെയ്യം അവതരിപ്പിക്കുന്നതും.

ഉത്സവം കാണാനെത്തിയവരില്‍ ആരെങ്കിലും പുകവലിക്കുന്നുണ്ടെങ്കില്‍ അവരെ പിടികൂടുക, ആളുകള്‍ നിരനിരയായി നിര്‍ത്തുക, തിരക്കു കൂട്ടുന്നവരെ പേടിപ്പിച്ച് മാറ്റി നിര്‍ത്തുക, ക്രമസമാധാനം പരിപാലിക്കാനായി വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുക എന്നിവയൊക്കെ പൊലീസ് തെയ്യത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. പടന്നക്കാടുള്ള പാനൂക്ക് തായത്തു തറവാട്ടിലാണ് പോലീസ് തെയ്യം കെട്ടിയാടുന്നത്. തറവാട്ടില്‍ കെട്ടിയാടുന്ന പ്രധാന തെയ്യമായ കരിഞ്ചാമുണ്ഡിയുടെ കൂടെയാണ് പോലീസ് തെയ്യം കെട്ടുന്നത്. എല്ലാവര്‍ഷവും മേടം 24 -നാണ് പോലീസ് തെയ്യം കെട്ടിയാടുന്നത്.

പഴയ കാലത്ത് ഒരിക്കല്‍ പാനൂക്ക് തായത്തു തറവാട്ടിലെ കാരണവര്‍ എടച്ചേരി ആലില്‍ നടക്കുന്ന കരിഞ്ചാമുണ്ഡി കളിയാട്ടം കാണാന്‍ എത്തിയിരുന്നു. തന്റെ തറവാട്ടിലും കരിഞ്ചാമുണ്ഡി തെയ്യം കെട്ടിയാടാന്‍ ആഗ്രഹമുള്ള വിവരം കാരണവര്‍ തെയ്യത്തോട് പറഞ്ഞു. കരിഞ്ചാമുണ്ഡിയുടെ സമ്മതപ്രകാരം ദൈവശക്തിയെ ഒരു ചെമ്പുകുടത്തിലേക്ക് ആവാഹിച്ച് പാനൂക്ക് തായത്തുതറവാട്ടിലേക്ക് പോകാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നു.

സാമൂതിരി രാജാവിന്റെ ആ കാലഘട്ടത്തില്‍ കോലസ്വരൂപത്തെ നായന്മാരും അള്ളട സ്വരൂപത്തെ നായന്മാരും തമ്മില്‍ യുദ്ധം നടന്നു വരികയായിരുന്നു. കാരണവര്‍ വഴിമദ്ധ്യേ വെച്ച് യുദ്ധം നടക്കുന്നതു കാണുന്നു. യുദ്ധസമയത്ത് വെട്ടേറ്റ ഒരു പടയാളി വീണുപിടയുന്നത് കാരണവര്‍ കാണാനിടവന്നു. കരിഞ്ചാമുണ്ഡിയെ ഉള്‍ക്കൊള്ളുന്ന ചെമ്പുകുടം താഴെവെച്ച് കാരണവര്‍ ആ പടവീരനെ മടിയില്‍ കിടത്തി വെള്ളം നല്‍കി. വെള്ളം കഴിച്ച പടയാളി മരിച്ചു പോവുന്നു.

തറവാട്ടിലെത്തിയ കാരണവര്‍ കരിഞ്ചാമുണ്ഡിയെ വീട്ടില്‍ പ്രതിഷ്ഠിച്ചു. അപ്പോള്‍ മറ്റൊരു സാന്നിദ്ധ്യം കൂടെ തറവാട്ടില്‍ ഉള്ളതായി കാരണവര്‍ക്കു ബോധ്യം വന്നു. പ്രശ്‌നവിധിയാല്‍ അത് വഴിയില്‍ കിടന്നു മരിച്ച പടയാളിയുടേതാണെന്നു മനസ്സിലാവുന്നു. തന്റെ കൂടെ കരിഞ്ചാമുണ്ഡി ഉണ്ടായിരുന്നതിനാല്‍ പടയാളിയെ കൂടി കരിഞ്ചാമുണ്ഡി കൂടെ കൂട്ടിയതാണത്രേ. അതിനുശേഷമാണ് തറവാട്ടില്‍ പടവീരന്‍ എന്ന പൊലീസ് തെയ്യത്തെ കൂടി കെട്ടാനാരംഭിച്ചത്. അന്നത്തെ സൈനികനാണു കോലസ്വരൂപത്തിനധികാരിയെങ്കിലും വേഷവിധാനങ്ങളില്‍ പൊലീസിന്റെ യൂണിഫോമിലാണിന്ന് തെയ്യത്തെ കാണാന്‍ സാധിക്കുന്നത്.

- Advertisement -