ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് നൽകുന്നതിലും കൂടുതൽ സമ്മാന തുക നാടക അവാർഡ് ജേതാക്കൾക്ക് നൽകണം:ജോയ് മാത്യു

0

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് നൽകുന്നതിലും കൂടുതൽ സമ്മാന തുക നാടക അവാർഡ് ജേതാക്കൾക്ക് നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സിനിമയിൽ അഭിനയിക്കുന്നത് താരതമ്യേന എളുപ്പമാണ്. എന്നാൽ ഒരു നാടകത്തിൽ അഭിനയിക്കാൻ മാസങ്ങളോളം കഷ്ടപ്പെട്ട് റിഹേഴ്സൽ നടത്തണം. എന്നാൽ രണ്ടു കോടി പ്രതിഫലം വാങ്ങി അഭിനയിച്ച സിനിമാ നടന് അവാർഡ് തുകയായി രണ്ടു ലക്ഷം കിട്ടുമ്പോൾ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്ന നാടക നടന് പതിനായിരമോ ഇരുപതിനായിരമോ ആണ് സമ്മാനത്തുകയെന്നും ജോയ് മാത്യു പറഞ്ഞു. യുവകലാസാഹിതി നാടക ഗ്രാമം എഫ് ബി പേജിൽ നടത്തി വരുന്ന നാടക വർത്തമാനങ്ങൾ സംവാദ പരിപാടിയുടെ ഇരുപത്തഞ്ചാം ദിവസത്തെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ സിനിമയ്ക്ക് മുകളിലാണ് നാടകത്തിന് സ്ഥാനം. സിനിമ ഒഴിവാക്കി നാടകത്തിൽ അഭിനയിക്കാൻ മത്സരിക്കുന്ന ഹോളിവുഡ് നടൻമാരുണ്ട്. അതാണ് യഥാർത്ഥ അഭിനയമെന്ന് അവർക്കറിയാം. എന്നാൽ ഇവിടെ നാടകത്തെയും നാടക നടൻ മാരെയെയും രണ്ടാം കിടയായാണ് കാണുന്നത്. നാടകം കൊണ്ട് അധികാരത്തിലേറിയവർ വരെ നാടകത്തെ രണ്ടാം കിടയായി കാണുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയ കലാരൂപമാണ് നാടകം. കേരള രാഷ്ട്രീയ ചരിത്രത്തിലും നാടകത്തിന് വലിയ പ്രാധാന്യമുണ്ട്. മുമ്പ് നാടകവും കഥാപ്രസംഗവുമായിരുന്നു അരങ്ങ് കീഴടക്കിയിരുന്നത്. പിന്നീട് സിനിമ വന്നപ്പോഴും നാടകം പിടിച്ചു നിന്നു. എന്നാൽ ഇന്ന് നാടകത്തിന് പഴയ പോലെ വേരോട്ടമുണ്ടോ എന്ന് സംശയമുണ്ട്. കൊറോണക്കാലത്ത് സാഹചര്യം പൂർണമായും മാറി. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കലയും ജീവിതവുമെല്ലാം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ തിയേറ്റർ ശീലം ഇല്ലാതാവുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നാടകത്തിന്റെ മാത്രമല്ല സിനിമയുടെ ഭാവിയും ആശങ്കാജനകമാണ്. തിയേറ്ററുകൾ ഇല്ലാതാവുന്നത് സിനിമയുടെ വ്യാപാര സാധ്യതകളെ ബാധിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമിലേക്കും മറ്റുമായി സിനിമകൾ മാറാനും സാധ്യത ഏറെയാണ്. കേരളം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയും സിനിമയെയും നാടകത്തെയുമെല്ലാം ബാധിക്കും. പ്രാഥമിക ആവശ്യങ്ങൾ കഴിഞ്ഞു മാത്രമെ ആളുകൾ സിനിമയ്ക്കും പുസ്തകത്തിനുമെല്ലാം പണം ചെലവഴിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -