ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പിന്റെ കുറ്റപത്രം

0

ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനുശേഷം നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നയതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

2012-ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് എന്തുകൊണ്ടു തീര്‍പ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോര്‍ട്ട് നല്‍കിയശേഷമാണു വനം വകുപ്പിന്റെ മലക്കംമറിച്ചില്‍. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്.

സൃഹൃത്തുക്കളും സിനിമാനിര്‍മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്ബ് കൈമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്ബാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്ബ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്ബുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

2011 ജൂലൈ 22-നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്നു കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി.

- Advertisement -