ഖായിസ് റഷീദ് മാപ്പ്…

0

നിന്റെ സ്വപ്ങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്ക് കണ്ണുകളുണ്ടായില്ല… നിന്റെ മനസ്സറിയാന്‍ ഹൃദയവും…

ജൂണ്‍ 30 ന് എല്ലാ ദൃശ്യപത്രഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഒരു വാര്‍ത്തയുണ്ടായിരുന്നു. ഏതാണ്ട് സമാനമായ തലക്കെട്ടില്‍ അത്രയൊന്നും പ്രാധാന്യം നല്‍കാതെയുള്ള ഒരു മരണവാര്‍ത്ത. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു; കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി മരിച്ചു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ഈ തലക്കെട്ടാണ് ആദ്യം കണ്ണിലുടക്കിയത്. തലക്കെട്ട് വായിച്ചയുടന്‍ മനസ്സില്‍ തോന്നിയത് ഇങ്ങനെയായിരുന്നു, ഹോ…ഇവനൊന്നും ചില്ലറയല്ലല്ലോ സൂക്കേട്. ലിങ്ക് തുറന്ന് വായിക്കാന്‍ പോലും തോന്നാത്തവിധം നീരസത്തോടെ ആ വാര്‍ത്തയെ മനപ്പൂര്‍വം അവഗണിച്ചു വിട്ടു. മരിച്ച വിദ്യാര്‍ഥി ആരെന്നോ? അവന്‍ എന്തിന് അത് ചെയ്തുവെന്നോ പോലും അറിയാന്‍ തോന്നിയില്ല എന്നതാണ് സത്യം. ആരെന്നും എന്തെന്നും അറിയാന്‍ പാടില്ലാതിരുന്നിട്ടുകൂടി എന്തോ ആത്മഹത്യചെയ് ആ വിദ്യാര്‍ഥിയോട് മുന്‍വിധികളോടെയുള്ള ഒരു നീരസം മാത്രമാണ് മനസ്സില്‍ മുഴച്ചു നിന്നത്. സൗകര്യം കൂടി പോയതിന്റെ ആരിക്കും അല്ലാതെന്താ എന്ന് സൗകര്യപൂര്‍വം വിധിയെഴുതി ഞാന്‍ ആ വാര്‍ത്തയെ കില്‍ഡ് സ്റ്റോറി(പത്രങ്ങളിലും മറ്റും പ്രാധാന്യം നഷ്ടപ്പെട്ടതോ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ സംഭവിച്ചതോ ആയ വര്‍ത്തകളെ പേജില്‍ ഉള്‍പ്പെടുത്താനായി ഡെസ്‌കിലേയ്ക്ക് അയയ്ക്കുന്നതിന് മുന്‍പായി റിപ്പോര്‍ട്ടര്‍മാര്‍ തന്നെ ഒഴിവാക്കി കളയുന്ന വാര്‍ത്തകള്‍) ഗണത്തില്‍ ഉള്‍പ്പെടുത്തി.
പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പലകുറി വീണ്ടും ആ വാര്‍ത്ത എന്റെ കണ്‍മുന്‍പില്‍ വന്നുകൊണ്ടെയിരുന്നു.
ഒടുവില്‍ തുറന്ന് വായിക്കാന്‍ തന്നെ തീരുമാനിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഇങ്ങനെയായിരുന്നു ആ വാര്‍ത്തയുടെ പൂര്‍ണ രൂപം:

കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി ആശുപത്രിയുടെ മുകളില്‍നിന്നു ചാടി മരിച്ചു

കൊല്ലം: വീടിനു സമീപം കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥി, ചികിത്സയിലിരുന്ന ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു ചാടി മരിച്ചു. പന്മന നടുവത്തുചേരി വാഴയില്‍ വില്ലയില്‍ അബ്ദുല്‍ റഷീദിന്റെയും സൈറയുടെയും മകന്‍ ഖായിസ് റഷീദാ (18)ണ് മരിച്ചത്. ശനിയാഴ്ച പകല്‍ പത്തരയോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയുടെ മുകളില്‍നിന്ന് ചാടുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
വെള്ളിയാഴ്ച പകല്‍ രണ്ടോടെ പന്മന ചോല പരിച്ചേരില്‍ കുളത്തിനു സമീപമാണ് ഖായിസിനെ കഴുത്തും ശരീരഭാഗങ്ങളും മുറിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചവറ പൊലീസെത്തി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയക്കുശേഷം സൈക്യാട്രി വാര്‍ഡിലേക്കും മാറ്റി. അപകടനില തരണംചെയ്ത ഖായിസ്, മരുന്നുമായി എത്തിയ നേഴ്‌സിനെ തള്ളിമാറ്റി ജനല്‍ വഴി ചാടുകയായിരുന്നു. ഖായിസിന്റെ അച്ഛനമ്മമാരും സഹോദരി ഹയയും ബഹ്‌റൈനിലായിരുന്നു. പത്താം ക്ലാസ് വരെ ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലായിരുന്നു ഖായിസ് പഠിച്ചത്. സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്ന ഖായിസ് രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം മെഡിസിന്‍ പഠനത്തിനാണ് നാട്ടിലെത്തിയത്.
ചങ്ങനാശേരിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കി. പാലായിലെ എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ പഠിച്ച് നീറ്റ് എഴുതിയെങ്കിലും ഉദ്ദേശിച്ച മാര്‍ക്ക് കിട്ടിയില്ല. റിപ്പീറ്റേഴ്‌സ് ബാച്ചില്‍ കോട്ടയത്തെ പരിശീലനകേന്ദ്രത്തില്‍ ചേര്‍ത്തെങ്കിലും ഖായിസിന് താല്‍പ്പര്യമില്ലായിരുന്നുവത്രെ. ഇതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ മാനസികമായി ബാധിച്ചിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചതെന്ന് കൊട്ടിയം പൊലീസ് പറയുന്നു.

ഖായിസ് റഷീദ്

വാര്‍ത്തയ്‌ക്കൊപ്പം ദു:ഖം നിഴലിച്ചിരുന്ന കണ്ണുകളുള്ള നിഷ്‌കളങ്കമായ ഒരു മുഖവുമുണ്ടായിരുന്നു. ഒരു 18 കാരന്റെ പ്രസരിപ്പും സന്തോഷവുമൊന്നും ആ ഫോട്ടോയില്‍ അവന്റെ മുഖത്തുണ്ടായിരുന്നില്ല. അതെന്തുമാകട്ടെ എന്നു കരുതി വായിച്ചു പഴകിയ വാര്‍ത്തകളുടെ കൂട്ടത്തിലേക്ക് ഖായിസ് റഷീദ് എന്ന 18 കാരന്റെ ആത്മഹത്യയും ചേര്‍ത്ത് വെച്ച് മറ്റു ജോലികളിലേക്ക് തിരിഞ്ഞു.
പക്ഷെ ആ മുഖവും വാര്‍ത്താക്കുറിപ്പും മനസ്സില്‍ മായാതെ നിന്നു. എങ്ങനെയായിരിക്കും സ്വന്തം ശരീരത്തെ ഇത്രമാത്രം വേദനിപ്പിച്ചുകൊണ്ട് ആ കൗമാരക്കാരന് സ്വയം ഇല്ലാതാകാന്‍ സാധിച്ചതെന്ന ചോദ്യം പലകുറി ആരോടന്നില്ലാതെ ചോദിച്ചു. ഒടുവില്‍ അവന്റെ മരണം റിപ്പോര്‍ട്ട് ചെയ്ത എല്ലാ വാര്‍ത്തകളും ഒന്നിടവിടാതെ വായിച്ചു. എല്ലാത്തിലും വിവരങ്ങള്‍ ഏതാണ്ട് സമാനമായിരുന്നു.
വാര്‍ത്തകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ഖായിസ് റഷീദ് എനിക്ക് അല്‍പ്പം കൂടി സുപരിചിതനായി. ബഹ്‌റ്‌നില്‍ താമസമാക്കിയ പ്രവാസി മലയാളികളുടെ മകനാണ് ഖായിസ്. 10 ാം ക്ലാസ്സ് വരെ ഖായിസും മാതാപിതാക്കള്‍ക്കൊപ്പം ബഹ്‌റിനിലായിരുന്നു. അവിടുത്തെ ഏഷ്യന്‍ സ്‌കൂളിലായിരുന്നു പഠനം. പഠനത്തില്‍ സമര്‍ത്ഥന്‍. നാട്ടിലെത്തി ചങ്ങനാശ്ശേരി ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കി. അതും 90 ശതമാനത്തിലധികം മാര്‍ക്കോടെ. ഖായിസിനെ നാട്ടിലേയ്ക്ക് അയയ്ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു, മെഡിസിന്‍. പക്ഷെ ഖായിസിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് ഇന്നും ആര്‍ക്കും അറിയില്ല. ഇനി ആരും അറിയാനും പോകുന്നില്ല.
മാതാപിതാക്കളുടെ ആഗ്രഹം പോലെ പാലായിലെ ഒരു എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. നീറ്റ് പരീക്ഷ എഴുതി. പക്ഷെ ഉദ്ദേശിച്ചത്ര മാര്‍ക്ക് കിട്ടിയില്ല. റിപ്പീറ്റേഴ്‌സ് ബാച്ചില്‍ വീണ്ടും ചേര്‍ത്തു. പക്ഷെ അപ്പോഴേക്കും അവന്‍ മാനസീകമായി തളര്‍ന്നിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ഒരു മേഖലയിലേക്ക് ഇനിയും എത്തിനോക്കി പരാജിതനാകാന്‍ ഒരു പക്ഷെ അവന്‍ ആഗ്രഹിച്ചു കാണില്ല.എന്നാല്‍ മാതാപിതാക്കളുടെയും ചുറ്റുമുള്ളവരുടെയും സമ്മര്‍ദ്ദം ആ കൗമാരക്കാരനെ കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു. അവരുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാന്‍ അവന്‍ കണ്ടെത്തിയ പോംവഴിയാകാം സ്വയം ശിക്ഷിച്ച്‌കൊണ്ട് ഒരു ഇല്ലാതാകല്‍.
ഖായിസ് റഷീദ് എന്ന 18 കാരന്റെ മരണകാരണം അന്വേഷിച്ച കൊട്ടിയം പൊലീസിന്റെയും പ്രാഥമിക നിഗമനം ഇതുതന്നെയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഠനത്തില്‍ മിടുക്കന്‍, മറ്റ് ചീത്തകൂട്ടുകെട്ടുകളോ സ്വഭാവങ്ങളോ ഇല്ല, വീട്ടില്‍ സമ്പത്തിനും സൗകര്യത്തിനും കുറവില്ല. എല്ലാ ആവശ്യത്തിലധികം ഉണ്ടായിട്ടും ഖായിസ് ഇതു ചെയ്തുവെങ്കില്‍ അതിന് കാരണം ഒന്നേയുള്ളു, അവനെ മനസ്സിലാക്കുന്ന അംഗീകരിക്കുന്ന ഒരു മനസ്സ് അവന്റെ ചുറ്റവട്ടത്ത് എവിടെയും ഇല്ലാതെ പോയി്.
ഖായിസ് റഷീദ് എല്ലാ മാതാപിതാക്കള്‍ക്കുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ നിങ്ങളുടെ മക്കളെ കണ്ണിലെ കൃഷ്ണമണികള്‍ പോലെ കാത്തുസൂക്ഷിച്ച് വളര്‍ത്തുന്നത് ബലിയാടുകള്‍ ആക്കാന്‍ ആകരുത്. അവരുടെ ജീവിതമാണ് അവര്‍തന്നെ ജീവിച്ചതീര്‍ക്കട്ടെ. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ അവരുടെ തലയ്ക്കുമുകളില്‍ കെട്ടിവയ്ക്കരുത്. ചിലപ്പോള്‍ അവര്‍ക്ക് അത് താങ്ങാന്‍ ആയില്ല എന്നു വരും. അരുതാത്തകാര്യങ്ങള്‍ സംഭവിച്ച് കഴിഞ്ഞിട്ട് പരിതപിച്ചിട്ടോ ഇപ്പോഴത്തെ കുട്ടികളെല്ലാം തെട്ടാവാടികള്‍ ആണെന്ന് വിധിയെഴുതിയിട്ടോ കാര്യമില്ല. നഷ്ടം നഷ്ടമായി തന്നെ തുടരും എല്ലാക്കാലവും. ഒരു പക്ഷെ ഖായിസിലൂടെ നമുക്ക് നഷ്ടമായത് ഒരു സംഗീതജ്ഞനെയോ ശാസ്ത്രജ്ഞനെയോ കളക്ടറെയോ സാമ്പത്തീക വിദഗ്ദ്ധനെയോ ഒക്കെ ആകാം.നിങ്ങള്‍ അവരുടെ സ്വപ്‌നങ്ങള്‍ ഒന്നു കേട്ടുനോക്കൂ. ആ സ്വപ്‌നങ്ങള്‍ക്ക് മാര്‍ഗദര്‍ശികളായി നോക്കു. അപ്പോഴറിയാം നിങ്ങളുടെ മക്കള്‍ എത്രമാത്രം മിടുക്കരാണെന്ന്.
ഖായിസ് നിന്നോട് പറയാന്‍ ഇനി ഒന്നേ ഒള്ളൂ…അത്യന്തം ലജ്ജയോടെ അതിലേറെ കുറ്റബോധത്തോടെ ഞങ്ങള്‍ പറയട്ടെ, മാപ്പ്…നിന്റെ സ്വപ്ങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്ക് കണ്ണുകളുണ്ടായില്ല… നിന്റെ മനസ്സറിയാന്‍ ഹൃദയവും…

- Advertisement -