സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം

0

മഴക്കെടുതിയും പ്രളയമവുമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്ന് പേര്‍ ഈ മാസം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞു. 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എല്ലാ ആശുപത്രികളിലും ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളില്‍ നിരവധി പേര്‍ കഴിയുന്നതിനാല്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.

ഗര്‍ഭിണികള്‍, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, വൃക്ക, കരള്‍, ഹൃദയരോഗികള്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ് എന്നിവയാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍. ഈ വര്‍ഷം സംസ്ഥാനത്തുടനീളം എച്ച് 1 എന്‍ 1 ബാധിച്ച് 42 പേരും ആഗസ്റ്റില്‍ മാത്രം മൂന്ന് പേരും മരിച്ചു. ഈ വര്‍ഷം 821 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

- Advertisement -