ഐപിഎല്‍ താരലേലം; ഇതാണ് വിലപിടിച്ച താരങ്ങള്‍!!!

0

ഐപിഎല്‍ 2020 സീസണിലേക്കുള്ള താര ലേലത്തില്‍ ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സും ഗ്ലെന്‍ മാക്‌സ് വെല്ലുമാണ് വിലപിടിച്ച താരങ്ങള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള പാറ്റ് കമ്മിന്‍സിനെ 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. അതേ അടിസ്ഥാന വിലയുണ്ടായിരുന്ന മാക്‌സ്വെല്ലിനെ 10.75 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ 10 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത് .വിന്‍ഡീസ് താരം ഷെല്‍ഡന്‍ കോട്രലിനെ 8.5 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. നേഥന്‍ കൂള്‍ട്ടര്‍നീല്‍ എട്ട് കോടിക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി.
അഞ്ചു കോടിക്ക് മുകളില്‍ വില ലഭിച്ച മറ്റ് രണ്ടുപേര്‍ ഇംഗ്ലണ്ട് താരങ്ങളായ സാം കറന്‍,ഒയിന്‍ മോര്‍ഗന്‍ എന്നിവരാണ്. 5.5 കോടിക്ക് കറനെ ചെന്നൈ സ്വന്തമാക്കി. മോര്‍ഗനെ കൊല്‍ക്കത്ത 5.25 കോടിക്കാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ 4.40 കോടിക്ക് ബാംഗ്ലൂര്‍ ടീമിലെടുത്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യന്‍സ് രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി. ക്രിസ് ലിന്നാണ് ലേലത്തില്‍ ആദ്യം ഏറ്റെടുക്കപ്പെട്ട കളിക്കാരന്‍.

ഇന്ത്യന്‍ താരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ് കൂടുതല്‍ വില കിട്ടിയത്. കൊല്‍ക്കത്ത വരുണിനെ നാല് കോടിക്കാണ് സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പയേയും ജയദേവ് ഉനാദ്കദിനെയും രാജസ്ഥാന്‍ റോയല്‍സ് മൂന്ന് കോടി രൂപയ്ക്ക് ഏറ്റെടുത്തു.

യുസഫ് പത്താനെയും ചേതേശ്വര്‍ പൂജാരയേയും ആരും ലേലത്തില്‍ വിളിച്ചില്ല. യുവതാരം യശസ്വി ജെയ്‌സ്വാളിനെ 2.49 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഏറ്റെടുത്തു.

ഇന്ത്യന്‍ അണ്ടര്‍ 19 ടീം നായകന്‍ പ്രിയം ഗാര്‍ഗിനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 1.9 കോടി രൂപയ്ക്ക് സ്വന്തമാക്കി. പീയൂഷ് ചൗളയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. കൊല്‍ക്കത്ത താരമായിരുന്ന ചൗളയെ 6.75 കോടി രൂപയ്ക്കാണ് ചെന്നൈ ഏറ്റെടുത്തത്.

- Advertisement -