കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

0

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ സ്പെയിനിനെ ഇന്ന് മറികടന്നേക്കും. മഹാരാഷ്ട്ര ചൈനയെ ഉടൻ മറികടന്നേക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 30000വും ഡൽഹിയിൽ 27000വും പിന്നിട്ടു. അതേസമയം, സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് സാഹചര്യത്തെ പിടിച്ചുക്കെട്ടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധർ വിലയിരുത്തി. വിസ്താര വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സ്പെയിനിൽ 241,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രതിദിനം 10,000 അടുപ്പിച്ചു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യ ഇന്നുതന്നെ സ്പെയിനിനെ മറികടന്നേക്കും. മഹാരാഷ്ട്രയിൽ 82,968 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ചൈനയിൽ 83,030 കേസുകളും. 2500ൽ അധികം കേസുകളാണ് മഹാരാഷ്ട്രയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. വളർച്ചാനിരക്ക് അതേപടി തുടരുകയാണെങ്കിൽ ചൈനയെ ഉടൻ മറികടക്കും. ഇതിനിടെയാണ് രാജ്യത്തെ കൊവിഡ് ബാധയെ സെപ്റ്റംബർ പകുതിയോടെ പിടിച്ചുക്കെട്ടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധർ വിലയിരുത്തിയത്. ബെയ്‌ലി മാതൃക ഉപയോഗിച്ചു ഡോ. അനിൽകുമാർ, രൂപാലി റോയ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. കണക്കുകൾ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഓൺലൈൻ ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 30152ഉം മരണം 251ഉം ആയി. ചെന്നൈയിൽ രോഗബാധിതർ 20000 കടന്നു. ഡൽഹിയിൽ 1320 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 27654 ആയി. 761 പേർ മരിച്ചു. ഗുജറാത്തിൽ 498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 29 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 19617ഉം, മരണം 1219ഉം ആയി. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതർ 10000 കടന്നു.

- Advertisement -