ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം

0

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി ഇന്ദ്രന്‍സ്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാര്‍ഡ്.

കേരളത്തിലെ ഒരു തുരുത്തില്‍ ജീവിക്കുന്ന ഒരു ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍ മരങ്ങള്‍. പ്രളയത്തില്‍ ഇവരുടെ വീട് നഷ്ടമാകുന്നതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഒരു ആപ്പിള്‍തോട്ടത്തില്‍ കാവല്‍ക്കാരായി പോകുന്ന കുടുംബത്തിന്റെ പ്രകൃതിയോടും കടുത്ത ഋതുക്കളോടും ഏറ്റുമുട്ടിയുള്ള ജീവിതം ആണ് സിനിമയുടെ തന്തു.

ദക്ഷിണേഷ്യന്‍ സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ആരംഭിച്ച ചലച്ചിത്രമേളയാണ് എസ്ജിഎസ്എഐഎഫ്എഫ്. മത്സര വിഭാഗത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യത്ത് നിന്നുള്ള സിനിമകള്‍ മാത്രമാണ് അനുവദിക്കുക. ഇത്തവണത്തെ മേളയില്‍ നടി സുഹാസിനി, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവര്‍ ജൂറി അംഗങ്ങള്‍ ആയിരുന്നു.

വെയില്‍ മരങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് ഇത്തവണത്തെ മത്സരവിഭാഗത്തില്‍ പങ്കെടുത്തത്. ചൈനയിലെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ മികച്ച കലാമൂല്യമുള്ള സിനിമ എന്ന പ്രശംസ വെയില്‍ മരണങ്ങള്‍ നേടിയിരുന്നു.

- Advertisement -