എന്താണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ?

0

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സര്‍വ ശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായാണ് ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.

കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക.


സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കുക.


വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണം. അതിനായി അധ്യാപക യോഗ്യതകളെല്ലാം ഉയര്‍ത്തുക.


വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവര്‍ത്തന ഘടകം സ്‌കൂളായിരിക്കും. ഒരു സ്‌കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ.


മുഴുവന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളും സെക്കന്ററി സ്‌കൂളുകളായി മാറ്റണം.


യുപി,ഹൈസ്‌കൂള്‍,സ്ഥാപന മേധാവികള്‍ പ്രിന്‍സിപ്പാള്‍ എന്ന പേരില്‍ ആയിരിക്കണം. പ്രിന്‍സിപ്പാള്‍ (സെക്കന്ററി), പ്രിന്‍സിപ്പാള്‍ (ലോവര്‍ സെക്കന്ററി), പ്രിന്‍സിപ്പാള്‍ (പ്രൈമറി), പ്രിന്‍സിപ്പാള്‍ (ലോവര്‍ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനര്‍നാമകരണം

- Advertisement -