ഓണനാളുകളില്‍ സര്‍വ്വീസ് രാത്രി 11 വരെ നീട്ടി കൊച്ചി മെട്രോ

0

ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ കൊച്ചി മെട്രോയുടെ സര്‍വ്വീസ് രാത്രി 11 മണിവരെ നീട്ടി. നിലവില്‍ രാത്രി പത്തിനാണ് സര്‍വ്വീസ് അവസാനിക്കുന്നത്. പുതിയ സമയക്രമം അനുസരിച്ച് മൂന്ന് ദിവസം ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്ന് അവസാനത്തെ ട്രെയിന്‍ പുറപ്പെടുന്നത് രാത്രി 11 മണിക്ക് ആയിരിക്കും.

സെപ്റ്റംബര്‍ മൂന്നിനാണ് കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയത്. പേട്ട – തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ നിര്‍മാണോദ്ഘാടനവും വൈറ്റില വാട്ടര്‍ മെട്രോ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ പാതയില്‍ പുതുതായി അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിവയാണ് മെട്രോ ടിക്കറ്റിലെ പുതിയ സ്റ്റേഷനുകള്‍. ഇതോടെ തിരക്കേറിയ എറണാകുളം ജംഗ്ഷന്‍ റയില്‍വേ സ്റ്റേഷനും വൈറ്റില മൊബിലിറ്റി ഹബ്ബും മെട്രോ ശൃംഖലയ്ക്ക് കീഴിലാകും. 18 കിലോമീറ്ററില്‍ നിന്ന് മെട്രോ പാതയുടെ ദൈര്‍ഘ്യം 23.5 കിലോമീറ്ററായി ഉയര്‍ന്നു.

തൈക്കൂടം മുതല്‍ മഹാരാജാസ് കോളേജ് സ്റ്റേഷന്‍ വരെ 14 മിനിട്ട് കൊണ്ട് എത്താമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പുതിയ പാതയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ സെപ്റ്റംബര്‍ 18വരെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

- Advertisement -