മലാലയെ സ്‌നേഹിക്കുന്നവര്‍ അലിയാന റെംപാലിനെയും അറിയണം

0

അലിയാന റെംപാല്‍ എന്ന 12 വയസ്സുകാരയുടെ പ്രചോദനം മലാല യുസഫ്‌സായ് ആണ്. മലാലയുടെ ആത്മകഥ വായിച്ചാണ് ഇവള്‍ അശരണരരായ കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മിക്കാനിറങ്ങിയത്. ഒരു കുട്ടി, ഒരു അധ്യാപിക, ഒരു പുസ്തകം, ഒപ്പമൊരു പേന ഇവയ്ക്ക് ഈ ലോകത്തെത്തന്നെ മാറ്റിമറിക്കാന്‍ സാധിക്കും എന്ന നോബല്‍ ജേതാവ് മലാല യൂസഫ്‌സായിയുടെ വാക്കുകളാണ് അലിയാനയെ സ്വാധീനച്ചത്.
എട്ടാം വയസിലാണ് അലിയാന റെംപല്‍, മലാല യൂസഫ്‌സായിയുടെ ആത്മകഥയായ ‘ഐ ആം മലാല’ വായിക്കുന്നത്. മലാലയുടെ എഴുത്തില്‍ പ്രചോദിതയായ അലിയാന ആദ്യം തീരുമാനിച്ചത് തന്നാലാവുന്ന പണം സ്വരൂപിച്ച് മലാല ഫണ്ടിലേയ്ക്ക് അയയ്ക്കാനായിരുന്നു. ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. അമ്മ അവളുടെ നല്ല മനസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് ‘ബാറ്റില്‍ ദി ബാഡ് വിത്ത് ബ്യൂട്ടി’ എന്ന സംഘടനയ്ക്ക് തുടക്കമായത്.


പക്ഷെ അവിടുന്നിങ്ങോട്ട് അലിയാനയുടെ ആഗ്രഹങ്ങള്‍ പടര്‍ന്നുപന്തലിക്കുകയായിരുന്നു. കാനഡയിലെ വിന്നിപെഗില്‍ കുട്ടികള്‍ക്കായുള്ള അഭയ മന്ദിരവും ആശുപത്രിയുമായിരുന്നു ആദ്യ ലക്ഷ്യം. പാടിയും പടം വരച്ചും നൃത്തം ചെയ്തും പണം സമ്പാദിച്ച് അവള്‍ അതിലേയ്ക്കുള്ള യാത്ര തുടങ്ങി. അതൊന്നും മതിയാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അലിയാന പുസ്തക രചനയിലേയ്ക്ക് തിരിഞ്ഞത്. അങ്ങനെ പത്താം വയസില്‍ അലിയാന തന്റെ ആദ്യ പുസ്തകമായ ‘വണ്‍’ പ്രസിദ്ധീകരിച്ചു. പുസ്തകത്തിലെ വരയും എഴുത്തുമെല്ലാം അവളുടെതന്നെ.


അസ്മിയ എന്ന പെണ്‍കുട്ടിയാണ് വണ്ണിലെ കേന്ദ്ര കഥാപാത്രം. യുദ്ധം ബാക്കിയാക്കിയ മുറിപ്പാടുകള്‍ പേറിനടക്കുന്ന ഒരു നാട്ടിലെ കുട്ടിയാണ് അസ്മിയ. അവള്‍ പഠിക്കുന്ന സ്‌കൂള്‍ ഭീകരവാദികള്‍ അടച്ചുപൂട്ടുന്നതോടെ വിദ്യഭ്യാസം എന്ന സ്വപ്‌നം എന്നന്നേയ്ക്കുമായി അവള്‍ക്ക് നഷ്ടമാകുന്നു. ഇനി എങ്ങനെ പഠിക്കുമെന്ന് ആലോചിച്ച് വിഷമിച്ചുനില്‍ക്കുന്ന അവളുടെ മുന്നിലേയ്ക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി ചിലര്‍ കടന്നുവരുന്നു. ഇതാണ് ‘വണ്‍’ പറയുന്ന കഥ.
നിക്കരാഗ്വയിലെ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ എന്നതാണ് അലിയാനയുടെ അടുത്ത സ്വപ്നം. ഇതിനകം അഞ്ചര ലക്ഷത്തോളം രൂപ ഈ കൊച്ചുമിടുക്കി ഇതിനായി സ്വരൂപിച്ച് കഴിഞ്ഞു.

- Advertisement -