മമ്മൂട്ടി വന്നിട്ട് 48 വര്‍ഷം!!!

0

1971 ആഗസ്റ്റ് 6ന് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 48 വര്‍ഷം തികയുന്നു. ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം

പി.ഐ. മുഹമ്മദ് കുട്ടി എന്നാണ് മമ്മൂട്ടിയുടെ മുഴുവന്‍ പേര്. 1951 സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദി, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍.

പഠനശേഷം അദ്ദേഹം അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അദ്ദേഹം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

ഇതിനു പുറമേ 7 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിക്കുകയുമുണ്ടായി.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

അദ്ദേഹത്തിന്റെ ‘യവനിക’, 1987ല്‍ ജോഷി സംവിധാനം ചെയ്ത ‘ന്യൂ ഡല്‍ഹി’ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. 1980ല്‍ മമ്മൂട്ടി വിവാഹിതനായി. സുല്‍ഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. മകന്‍ ദുല്‍ഖര്‍ മലയാള സിനിമയിലെ യുവനടന്മാരില്‍ പ്രധാനിയാണ്.

മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, വിധേയന്‍, പൊന്തന്‍ മാട, അംബേദ്കര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തിയത്. അഹിംസ, അടിയൊഴുക്കുകള്‍, യാത്ര, നിറക്കൂട്ട്, രു വടക്കന്‍ വീരഗാഥ, മതിലുകള്‍, വിധേയന്‍, പൊന്തന്‍ മാട, കാഴ്ച, പാലേരിമാണിക്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് സംസ്ഥാനപുരസ്‌കാരം ലഭിച്ചിട്ടുള്ളത്. പേരന്‍പ് എന്ന തമിഴ് ചിത്രത്തിലെ അഭിനയിത്തിലൂടെ ഇത്തവണത്തെ ദേശീയപുരസ്‌കാരത്തിനായുള്ള പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

തന്റെ 67-ാം വയസ്സിലും പുതിയ വേഷങ്ങള്‍ തേടിയുള്ള യാത്രയിലാണ് അദ്ദേഹം. ഗാനഗന്ധര്‍വ്വന്‍, മാമാങ്കം, ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഇനി ഇറങ്ങാനിരിക്കുന്നത്.

- Advertisement -