ഫേസ്ബുക്ക് ഇനി നീലയല്ല

0

അടിമുടി മാറ്റങ്ങളുമായി പുതിയ രൂപത്തിലും ഭാവത്തിലുമെത്തുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്.ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്.
ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്‍പനയാണ് ഫെയ്‌സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്‍പനയെന്നതും ശ്രദ്ധേയമാണ്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫെയ്‌സ്ബുക്കിന്റെ പുതിയ ഡെസ്‌ക്ടോപ്പ് സൈറ്റ് നിലവില്‍വരും.
സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുനര്‍രൂപകല്‍പനയാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു എഫ് 8 കോണ്‍ഫറന്‍സ്.
‘ഭാവി സ്വകാര്യമാണ്’ എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ എഫ് 8 കോണ്‍ഫറന്‍സിന്റെ മുഖപ്രസംഗത്തില്‍ സ്വകാര്യതയുടെ പേരില്‍ തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടെന്ന് സക്കര്‍ബര്‍ഗ് ഒരിക്കല്‍ കൂടി തുറന്ന് സമ്മതിച്ചു. എങ്കിലും സ്വകാര്യതയിലാണ് തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ പുനര്‍ രൂപകല്‍പന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്കിന് കീഴിലുള്ള ഫെയ്‌സ്ബുക്ക് പ്രധാന വെബ്‌സൈറ്റും ആപ്പും മെസഞ്ചര്‍ ആപ്പ്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലുമെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്.

- Advertisement -