വിമാനവാഹിനി കപ്പലിൽ നിന്ന് മോഷണം പോയ ഹാർഡ്‌ ഡിസ്കുകളിൽ അതീവ രഹസ്യ രൂപരേഖകൾ ഇല്ലെന്ന് അന്വേഷണ സംഘം

0

നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് മോഷണം പോയ ഹാർഡ്‌ ഡിസ്കുകളിൽ അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകൾ ഇല്ലെന്ന് അന്വേഷണ സംഘം.

കപ്പലിന്റെ യന്ത്രസാമഗ്രി വിന്യാസമടക്കം രേഖപ്പെടുത്തിയ കംപ്യൂട്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള ഹാർഡ് ഡിസ്കുകളാണ് മോഷണം പോയത്. എന്നാൽ ഇവയിൽ സ്ഥാപിച്ചിട്ടുള്ളത് ഡമ്മി പ്രോഗ്രാമുകളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമില്ലെന്ന് നേവിയും അറിയിച്ചു.

കേസിൽ കപ്പൽ നിർമാണത്തിലേർപ്പെട്ട ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ്‌ വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷണം പോയത്.

വിക്രാന്ത്‌ സേനയുടെ ഭാഗമാകുന്നതിനു മുന്നോടിയായി പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. 2021ൽ കപ്പൽ നാവിക സേനയ്ക്ക് കൈമാറാനാണ് പദ്ധതി. മോഷണം പോയ ഹാർഡ് ഡിസ്കുകൾ ഷിപ്‌യാഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. അതിനാൽ തന്നെ പരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡമ്മി ഹാർഡ് ഡിസ്കുകളാണ് ഇവയിൽ ഘടിപ്പിച്ചിട്ടുള്ളത്.

കപ്പൽ കമ്മിഷൻ ചെയ്ത ശേഷമേ, നാവിക സേന രഹസ്യ സ്വഭാവമുള്ള ഹാർഡ് ഡിസ്കുകൾ ഘടിപ്പിക്കുകയുള്ളൂ. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം.

40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ ഇനത്തില്‍ പെട്ട ഐഎന്‍എസ്‌ വിക്രാന്തിന്‌ 20,000 കോടി രൂപയാണ്‌ നിര്‍മ്മാണച്ചെലവ്‌. 38 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്‌ടറുകളെയും ഒരേസമയം ഡെക്കില്‍ ഉള്‍ക്കൊള്ളാന്‍ വിക്രാന്തിന്‌ കഴിയും. ഡെക്കിന് താഴെ പത്തും മുകളിൽ നാലും അടക്കം 14 നിലകളാണ് കപ്പലിൽ ആകെയുള്ളത്.

- Advertisement -