ആടുജീവിതത്തിന് പാക്കപ്പ്; നജീബ് എപ്പോൾ മടങ്ങിയെത്തും?

0

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ജോർദാൻ ഷെഡ്യൂൾ പാക്കപ്പ് ആയി. ചിത്രീകരണത്തിനായി പൃഥ്വിയും ബ്ലെസിയും ഉൾപ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം ജോർദാനിലെത്തിയതും കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ അവിടെ കുടുങ്ങിയത് വാർത്തയായിരുന്നു.
ജോർദാനിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തതോടെയാണ് ഇവർ പ്രതിസന്ധിയിലായത്. കർഫ്യൂ നിയമങ്ങളിൽ ഇളവ് വന്നതോടെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.


ഫെബ്രുവരി 29 നാണ് പൃഥ്വിയുൾപ്പെടുന്ന സംഘം ജോർദാനിലേക്ക് തിരിച്ചത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകൾ ചർച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളർത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ചിത്രത്തിന്റെ ജോർദ്ദാനിലെ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചതോടെ പൃഥിരാജിന്റെയും കൂട്ടരുടെയും മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

- Advertisement -