പാലാ ഉപതെരഞ്ഞെടുപ്പ്; പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച

0

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ ബെന്നി ബഹനാന്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ജോസഫ് വിഭാഗവുമായുളള ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയത്. ജോസ് കെ. മാണി വിഭാഗം നടത്തുന്ന പ്രതികരണങ്ങളില്‍ ജോസഫ് വിഭാഗം ഇന്ന് അതൃപ്തി അറിയിക്കും.

പ്രചരണം പാതിവഴി പിന്നിട്ടിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. ഇരുവിഭാഗവും ഒന്നിച്ച് നില്കാന്‍ തയ്യാറാകാത്തത് പാലായിലെ പ്രചരണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്നോട്ട് വന്നത്.

ചര്‍ച്ചയ്ക്ക് പി.ജെ ജോസഫും തയ്യാറായി. പക്ഷെ ജോസ് കെ. മാണി വിഭാഗം പ്രതിച്ഛായയിലൂടെയും മറ്റും നടത്തുന്ന പ്രതികരണങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പരസ്യ പ്രചരണത്തിന് ജോസഫ് ഗ്രൂപ്പ് തയ്യാറാണെങ്കിലും ഇത് ജോസ് വിഭാഗം അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.

ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചില ഉറപ്പുകള്‍ നല്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കാം. അല്ലാത്തപക്ഷം യു.ഡി.എഫിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഇന്നലെ ചേരാനിരുന്ന യോഗം ബെന്നി ബഹനാന്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മറ്റിവെച്ചത്. ജോസഫ് പക്ഷത്ത് നിന്നും ജോയ് എബ്രഹാം, ടി.യു കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോണ്‍ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷമൊരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു.

- Advertisement -