രവി ശാസ്തി തന്നെ!

0

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെത്തന്നെ വീണ്ടും തിരഞ്ഞെടുത്തു. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരുമായുള്ള അഭിമുഖത്തിന് ശേഷം പ്രഖ്യാപനം നടത്തിയത്. സമിതി ഐക്യഖണ്ഡേനയാണ് ശാസ്ത്രിയെ വീണ്ടും പരിശീലകനായി തീരുമാനിച്ചതെന്ന് കപില്‍ ദേവ് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് 2000ത്തോളം അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചിരുന്നത്. ഇതില്‍ നിന്നും ആറ് പേരാണ് മുഖ്യ പരിശീലകനായുള്ള ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെയാണ് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതി അഭിമുഖം നടത്തിയത്.

രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരവും ഫീല്‍ഡിങ് പരിശീലകനുമായിരുന്ന റോബിന്‍ സിങ്, മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജപുത്ത്, വിദേശ പരിശീലകരായ ഫില്‍ സിംസണ്‍സ്, ടോം മൂഡി, മൈക്ക് ഹെസ്സന്‍ എന്നിവരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഫില്‍ സിംസണ്‍സ് അവസാന നിമിഷം പിന്‍മാറി.

പരിശീലകനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായം തേടിയിട്ടില്ല. പരിശീലകന്റെ വേതനവും കാലാവധിയും ബിസിസിഐ തീരുമാനിക്കുമെന്നും കപില്‍ പറഞ്ഞു. 2021 വരെയായിരിക്കും പുതിയ പരിശീലകന്റെ കാലാവധി.

- Advertisement -