കരയെണ്ടാട്ടോ കുഞ്ഞാവേ…

0


കുഞ്ഞുങ്ങളുടെ കരച്ചില്‍ ഒരു ഭാഷയാണ്. അവര്‍ക്ക് എന്തിനും കരയാനേ അറിയൂ. കാരണം കണ്ടു പിടിക്കേണ്ടത് നമ്മളാണ്.
കരച്ചിലാണ് കുഞ്ഞിന്റെ ആദ്യ ശ്വാസം. അത് വൈകിയാല്‍ തലച്ചോറിലേക്ക് ആവശ്യത്തിന് പ്രാണവായുവും രക്തവും എത്താതിരിക്കുകയും ഭാവി ജീവിതം തന്നെ പ്രശ്‌നത്തിലാവുകയും ചെയ്യും. എല്ലാ കരച്ചിലും കുഴപ്പമല്ലെന്ന് മാത്രമല്ല, ചില കരച്ചിലുകള്‍ വളരെ അത്യാവശ്യമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.നല്ല ഉച്ചത്തിലുള്ള കരച്ചില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശക്തിയായി ശ്വാസം എടുക്കാനുള്ള കഴിവിനെയാണത് കാണിക്കുന്നത്. ശ്വസന സഹായിയായപേശികളുടെ ബലക്കുറവുള്ള അസുഖങ്ങളില്‍ കരച്ചില്‍ വളരെ നേര്‍ത്തതായിരിക്കും. ചില ക്രോമോസോം വ്യതിയാനങ്ങളില്‍ പൂച്ച കരയുന്നതു പോലെയായിരിക്കും കുഞ്ഞിന്റെ കരച്ചില്‍. തൈറോയിഡ് ഹോര്‍മോണിന്റെ കുറവുണ്ടെങ്കിലാകട്ടെ, പരുപരുത്ത ശബ്ദത്തോടെ (Hoarse) ആയിരിക്കും കരയുക. തലക്കകത്ത് പ്രഷര്‍ കൂടുതലുണ്ടെങ്കില്‍ തുളച്ചുകയറുന്ന (High pitched and shrill) ശബ്ദമായിരിക്കും കരയുമ്പോള്‍. അതായത്, കരച്ചില്‍ കേട്ടാല്‍ എന്താണ് രോഗമെന്ന് പോലും അനുമാനിക്കാന്‍ പറ്റും എന്നര്‍ത്ഥം.

തണുപ്പ് തോന്നിയാലും, ചൂടു കൂടിയാലും, മലമൂത്രവിസര്‍ജനം നടത്തുന്നതിന് മുന്‍പ് തോന്നുന്ന അസ്വസ്ഥതയും, അത് കഴിഞ്ഞാലുള്ള നനവും, ഉറക്കെയുള്ള ശബ്ദം കേട്ടുള്ള ഞെട്ടലും, കൊതുകോ ഉറുമ്പോ കടിച്ചാലുള്ള വേദനയും എല്ലാം കുഞ്ഞ് പ്രകടിപ്പിക്കുക കരച്ചിലായാണ്. എന്നാല്‍ മിക്ക അമ്മമാരും കരുതുന്നത് കരയുന്നതെല്ലാം വിശന്നിട്ടാണ് എന്നാണ്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മക്ക് പാല്‍ കുറവാണെന്ന് പലരും അങ്ങ് തീരുമാനിച്ചും കളയും. കാരണം കണ്ടെത്താനുള്ള ഒരു ശ്രമം പോലും നടത്തി നോക്കാതെ. ഏതാനും ആഴ്ചകള്‍ കഴിയുമ്പോഴേക്കും കരച്ചലിന്റെ രീതി കണ്ടാല്‍ അമ്മമാര്‍ക്ക് മനസ്സിലാകും, വിശന്നിട്ടാണോ, ഉറക്കം വന്നിട്ടാണോ, അപ്പിയിടാനാണോ എന്നൊക്കെ. അതിനുള്ള അവസരം അവര്‍ക്ക് കൊടുക്കണം എന്ന് മാത്രം.

കരയുമ്പോള്‍ ഉടനെ എടുക്കുക, പാലു കൊടുക്കുക എന്നിവ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ചില ശീലിപ്പിക്കലുകളാണ്. ക്രമേണ ഓരോ കരച്ചിലിലും കുഞ്ഞ് ഇതു തന്നെ പ്രതീക്ഷിക്കും. അതായത്, കരഞ്ഞു തുടങ്ങിയത് തുണി നനഞ്ഞിട്ടാണെങ്കിലും അത് മാറ്റിയാല്‍ മാത്രം പോര, ഒന്നെടുത്ത്, താരാട്ടി, പാട്ടുപാടിയാലോ, മുലകൊടുത്താലോ മാത്രമേ കരച്ചില്‍ നിര്‍ത്തൂ എന്ന് അങ്ങ് തീരുമാനിച്ചുകളയും.
കരയുമ്പോള്‍ കരയുമ്പോള്‍ മുലകൊടുത്താലുള്ള വേറൊരു പ്രശ്‌നം, മുലയില്‍ പാല്‍ നിറയുന്നതിന് മുമ്പ് കൊടുക്കുന്നതിനാല്‍ ഓരോ തവണയും കുഞ്ഞിന് ഇത്തിരിയേ പാല്‍ കിട്ടൂ എന്നതാണ്. അത് കൊണ്ടു തന്നെ കുഞ്ഞിന് വേഗം വിശക്കുകയും, വേഗം വേഗം കരഞ്ഞു തുടങ്ങുകയും ചെയ്യും. ഏതു നേരവും മുലകുടിച്ചാല്‍ മുലക്കണ്ണ് വിണ്ടു കീറുകയും അമ്മക്ക് പാല്‍ കൊടുക്കുമ്പോള്‍ വേദനയാവുകയും ചെയ്യും. പാല്‍ കുറയാന്‍ ഇത് കാരണമാകുന്നു.
അമ്മ കഴിക്കുന്ന ചില ഭക്ഷണങ്ങളോ മരുന്നുകളോ ചിലപ്പോള്‍ കുഞ്ഞിന് വയറ്റെരിച്ചില്‍ ഉണ്ടാക്കാറുണ്ട്. പ്രശ്‌നം ഉണ്ടാക്കുന്നത് എന്ന് സംശയം തോന്നുന്നവ നിര്‍ത്തി അധികം വൈകാതെ കുഞ്ഞിന്റെ കരച്ചില്‍ കുറഞ്ഞ് വരുന്നതും കാണാം.
കുഞ്ഞ് മൂത്രമൊഴിക്കുമ്പോള്‍ കരയുന്നു എന്നത് ഒരു സാധാരണ പരാതിയാണ്. പലപ്പോഴും കരയാതെയും മൂത്രമൊഴിക്കുന്നുണ്ടാകും. മൂത്രം മൂത്രസഞ്ചിയില്‍ നിറയുമ്പോളുള്ള ചെറിയ അസ്വസ്ഥത ചില കുഞ്ഞുങ്ങളെ കരയിപ്പിച്ചേക്കാം. എന്നാല്‍ മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോളും കരച്ചില്‍ നിര്‍ത്താതിരിക്കുന്നത് അത്ര നല്ല ലക്ഷണമല്ല.

കാര്യമായ എന്തോ പ്രശ്‌നമുള്ളതുപോലെ കരയുകയാണെങ്കില്‍ വേണ്ടത് കുഞ്ഞിന്റെ ശരീരം മുഴുവനായും ഒന്ന് പരിശോധിക്കുക. വല്ല ഉറുമ്പും കടിക്കുന്നുണ്ടോ, വൃഷണം തിരിഞ്ഞു പോയത് കാരണം അവിടെ വീക്കമോ ചുവപ്പ് നിറമോ ഉണ്ടോ എന്നു കണ്ടു പിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
വയറിളക്കമുള്ള കുഞ്ഞ് ശാഠ്യം പിടിച്ചു കരയുന്നുണ്ടെങ്കില്‍ നിര്‍ജ്ജലീകരണം മൂലമുള്ള അമിത ദാഹം കൊണ്ടാകാം.
സാധാരണ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് താലോലിക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ എടുക്കുമ്പോള്‍ വല്ലാതെ കരയുകയും, താഴെ കിടത്തുകയാണെങ്കില്‍ കരച്ചില്‍ നിര്‍ത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരു വൈപരീത്യമാണ്. ശരീരത്തിന് വല്ലാതെ വേദനയുണ്ടാകുന്ന ചില രോഗങ്ങളിലാണ് ഇങ്ങനെ സംഭവിക്കുക.
വലിയവരെപ്പോലെ കൊച്ചു കുഞ്ഞുങ്ങളിലും ചിലര്‍ എല്ലാത്തിനോടും ശക്തമായി പ്രതികരിക്കുന്നവരായിരിക്കും. ചെറിയ കാരണം മാത്രം മതിയാവും അവര്‍ക്ക്, നിര്‍ത്താതെ കരയാന്‍. കരയുമ്പോളേക്കും വാരിയെടുക്കുന്നത് ഈ സ്വഭാവം വഷളാകാനേ ഉപകരിക്കൂ. കരച്ചില്‍ തുടങ്ങിയാല്‍ കുഞ്ഞിനെ സുരക്ഷിതമായി നിലത്ത് കിടത്തുകയും എടുത്ത് താലോലിക്കാനായി കുറച്ചു സമയം കാത്തിരിക്കുകയും ചെയ്യാം. ഈ സമയം കൂട്ടിക്കൂട്ടികൊണ്ടുവരികയാണെങ്കില്‍ എടുക്കുന്നതിന് മുമ്പ് തന്നെ കരച്ചില്‍ നിര്‍ത്താനുള്ള ഒരു പരിശീലനം ആകും അത്.

- Advertisement -