കോവിഡ് പ്രതിരോധത്തിലെ നിശബ്ദ പോരാളികൾ

0

മഴയിലും വെയിലിലും കേരളത്തില്‍ മുടങ്ങാതെയെത്തുന്ന പകര്‍ച്ച വ്യാധികളെ പിടിച്ചു കെട്ടാന്‍ ഓരോ തവണയും മുന്നിട്ടിറങ്ങുന്ന ആരോഗ്യ വകുപ്പിന്റെ മുന്നണിപ്പോരാളികള്‍. പലപ്പോഴും രോഗം നിയന്ത്രണവിധേയമാവുമ്പോള്‍ ഒന്നും മിണ്ടാതെ പിന്നണിയിലേക്ക് മാറുന്നവർ. നേട്ടപ്പട്ടികയില്‍ വരാത്ത പേരുകള്‍ പക്ഷെ അവരെ നിരാശപ്പെടുത്തിയില്ല. തോല്‍പ്പിക്കാനെത്തിയ പകര്‍ച്ചവ്യാധിയ്ക്കെതിരേ വിജയം നേടിയതിൻ്റെ സന്തോഷത്തിലായിരിക്കും അപ്പോള്‍ അവർ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ ജോലി ചെയ്യുന്ന അവർ പക്ഷെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും ജൂനിയറാകാതിരിക്കാന്‍ സദാ ജാഗ്രത പുലർത്തുന്നു.

പ്രശസ്തിയോ നേട്ടങ്ങളോ അല്ല രോഗ നിയന്ത്രണമാണ് പ്രധാനമെന്ന് അവര്‍ വിശ്വസിക്കുന്നു. ലോകം മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് 19 എന്ന ‘ചെറിയ’ വലിയ ഭീകരന്‍ കേരളത്തില്‍ വലിയ നാശം വിതയ്ക്കുന്നില്ലെങ്കിൽ അതു സാധ്യമായത് ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ്. കടല്‍ കടന്നെത്തിയ കോവിഡിന് ആദ്യം നേരിടേണ്ടി വന്നത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ്. കേരളത്തില്‍ ആദ്യ കോവിഡ് രോഗിയെ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞതും അവരുടെ ഇടപെടല്‍ കൊണ്ടു തന്നെ.

ചൈനയില്‍ നിന്ന് കോവിഡ് ഭീതിയില്‍ എത്തിയ നൂറു കണക്കിന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരുടെ വിവരങ്ങള്‍ ജെ.എച്ച്.ഐമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അതാത് ജില്ലകളില്‍ അറിയിക്കുകയും അവരുടെ നിരീക്ഷണ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുമ്പോള്‍ കേരളത്തിൽ പകുതിയിലധികം പേരും കൊറോണ എന്നു കേട്ടിട്ടു പോലുമില്ലായിരുന്നു.

കേരളത്തിലെത്തിയ കൊറോണ വ്യാപിക്കാതെ ദിവസങ്ങള്‍ക്കുള്ളില്‍ പിടിച്ചു നിര്‍ത്താന്‍ ആ ഇടപെടലിന് സാധ്യമായി.
ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയും ഏഷ്യയുമെല്ലാം പിന്നിട്ട് യൂറോപ്പിലേക്കും അമേരിക്കന്‍ വന്‍കരകളിലേക്കും വളര്‍ന്ന കോവിഡിന്റെ രണ്ടാം വരവിലും കേരളത്തില്‍ അപകടകരമായ വ്യാപനം തടഞ്ഞതും അതേ ഇടപെടല്‍ തന്നെ.

വിമാനത്താവളങ്ങളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലക്കും ബസ് സ്റ്റാന്‍ഡുകളിലേക്കും വരെ നിരീക്ഷണം നീളുമ്പോള്‍ കുടുംബകാര്യങ്ങള്‍ മാറ്റിവെച്ച് സ്വന്തം സുരക്ഷക്ക് രണ്ടാം സ്ഥാനം നല്‍കി അവര്‍ തീവ്രയത്‌നത്തിലായി. കോവിഡ് സ്ഥിരീകരിക്കുന്നവരെ മാത്രമല്ല അവരുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരെയും മുന്‍കരുതലെന്ന നിലയില്‍ അവര്‍ കണ്ടെത്തി.
ആദ്യാവസാനം…

രോഗലക്ഷണമുള്ള എല്ലാവരെയും കണ്ടെത്തുക എന്നതാണ് കോവിഡ് നിയന്ത്രണത്തിലെ കേരള മാതൃക. ഒരു രോഗി പോലും കണ്ണില്‍ പെടാതെ പോവരുത് എന്നതായിരുന്നു വിജയ മന്ത്രം. വിദേശത്തു നിന്നുള്ളവരെ നിരീക്ഷണത്തിലാക്കുന്നതോടൊപ്പം അവരില്‍ നിന്ന രോഗം പകരാനിടയുള്ള വ്യക്തികളിലേക്കും ജെ.എച്ച്.ഐമാരുടെ നോട്ടമെത്തിയിരുന്നു. രോഗം സ്ഥിരീകരിക്കുന്നവർ നടന്ന വഴികളിലേക്കും അവരിടപെട്ട വ്യക്തികളി ലേക്കും അവരുടെ അന്വേഷണം നീണ്ടു.

പ്രായമായ മാതാപിതാക്കളില്‍ നിന്നും പ്രിയ കണ്‍മണിയുടെ കുസൃതികളിൽ നിന്നും ദൂരെ മാറി നിന്ന് പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനായി സ്വന്തം സന്തോഷം നീക്കി വെച്ചു കൊണ്ടാണ് അവർ കർമ്മനിരതരായത്. അതിനിടെയാണ് ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്നറിയുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളും തിരിച്ചറിഞ്ഞ് അവര്‍ സ്വയം ക്വാറന്റീന്‍ ചെയ്തു.
രോഗത്തെക്കാള്‍ തങ്ങളുടെ കുടുംബാംഗങ്ങളിലേക്ക് രോഗം പകരാന്‍ കാരണക്കാരനാവേണ്ടി വരുമോയെന്ന ആകുലതയാണ് പലര്‍ക്കുമുണ്ടാവുന്നതെന്ന് ജെ.എച്ച്.ഐ ആയ രജിത് പി.ഷാന്‍ പറയുന്നു. രോഗ ബാധിതരോടൊപ്പം ജോലി ചെയ്തതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയിരുന്ന ഷാന്‍ കാലാവധി പൂര്‍ത്തിയാക്കി സര്‍വൈലന്‍സ് സെല്ലില്‍ ജോലിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തമായേക്കാവുന്ന അവസ്ഥയില്‍ നിന്ന് ഒരു കാരണവശാലും നാട്ടില്‍ പകര്‍ച്ചവ്യാധി പടരാന്‍ ഇടയാവരുതെന്ന വാശിയാണ് കോവിഡ് പ്രതിരോധ മുന്നേറ്റത്തിലെ ഏറ്റവും മനോഹരമായ നിമിഷം.

വിദേശത്തു നിന്നെത്തിയവരെ കണ്ടെത്തുക മാത്രമല്ല മറിച്ച് നിരീക്ഷണ കാലയളവിലെ പൂര്‍ണവിവരങ്ങളും ജെ.എച്ച്.ഐമാരുടെ കണ്‍മുന്നിലൂടെയാണ് കടന്നു പോവുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരെ ഉറ്റവര്‍ പോലും മാറ്റി നിര്‍ത്തിയപ്പോള്‍ ദിവസേന വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ ജെ.എച്ച്.ഐമാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാരും ഉണ്ട്. ഓരോ ദിവസവും ആ വിളിക്കായി കാത്തിരിക്കുന്നവര്‍ പോലുമുണ്ടെന്നു പറയുമ്പോഴാണ് അവരുടെ സേവനത്തിന്റെ മഹത്വം തിരിച്ചറിയാനാകുക. ക്ഷേമമന്വേഷിക്കുക മാത്രമല്ല ക്ഷേമമാണെന്ന് ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നുണ്ട് ഇവർ. ആ കരുതല്‍ പലപ്പോഴും വ്യക്തി ബന്ധങ്ങളായി പോലും വളരാറുണ്ടെന്ന് പറയുന്നു ആര്യ നടേശന്‍. മരുന്നുകളും വീട്ടിലേക്കുള്ള അവശ്യ വസ്തുക്കളും മുടങ്ങാതെ എത്തിക്കാനുള്ള ക്രമീകരണങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്.

ചിലപ്പോള്‍ ചീത്ത വിളി പോലും കേള്‍ക്കേണ്ടി വരുമെന്നാണ് കളക്ടറേറ്റിലെ സര്‍വൈലന്‍സ് റൂമില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യ പറയുന്നത്. ചീത്ത പറഞ്ഞാലും വിളിക്കാതിരിക്കില്ല. അവരുടെ മാനസികാവസ്ഥയെ പറ്റി ഓര്‍ക്കുമ്പോള്‍ സമാധാനത്തോടെ കേട്ടിരിക്കും. ചിലപ്പോൾ സ്‌നേഹം കൊണ്ടും ചിലര്‍ മനസ് കീഴടക്കാറുണ്ടെന്ന് ജെ.എച്ച്.ഐ സിന്ധു പറയുന്നു. ഓരോ ദിവസവും വിളിക്കുന്ന സമയത്തില്‍ നിന്ന് അല്‍പം വൈകിയാല്‍ തിരികെയെത്തുന്ന വിളികളില്‍ ഈ സ്‌നേഹം തിരിച്ചറിയാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു.

കോവിഡ് കാലത്ത് ഡേറ്റ എന്‍ട്രി മുതല്‍ സര്‍വൈലന്‍സ് വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും ചെയ്യുന്നത്. തങ്ങളുടെ പ്രദേശത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും രേഖപ്പെടുത്തിയും കണക്കുകള്‍ സമര്‍പ്പിച്ചും രാത്രികളെ പകലുകളാക്കി പ്രവർത്തിക്കുന്നു. പകല്‍ സമയത്ത് സര്‍വൈലന്‍സ് യൂണിറ്റിലെ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ചുമതല കൃത്യമായി നിർവഹിക്കുന്നു.

ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും അവര്‍ക്കുള്ള ചുമതലകളും കൃത്യമായി നല്‍കുകയും ഏറ്റവും നിസാരമായ സാധ്യതകളെ പോലും മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ കോവിഡിന് ആരോഗ്യകേരളത്തിന് മുന്നില്‍ പരാജയപ്പെട്ടേ മതിയാവൂ. കോവിഡ് കാലം കടന്നാല്‍ ആശ്വസിക്കാമെന്ന് മറ്റുള്ളവർ വിചാരിക്കുമ്പോൾ പിന്നാലെയെത്തുന്ന മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന പകര്‍ച്ച വ്യാധികളെ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ആരോഗ്യ പ്രവർത്തകരും.

- Advertisement -