ഇന്ത്യയുടെ അഭിമാന സിന്ധു; വിജയം അമ്മയ്ക്കുള്ള പിറന്നാള്‍ സമര്‍പ്പണം; 2 വര്‍ഷത്തിനിപ്പുറം തോല്‍പ്പിച്ചത് ചാമ്പ്യനെ!

0

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ബാഡ്മിന്റണ്‍ ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

21-7, 21-7 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വിജയം. അരമണിക്കൂര്‍ മാത്രം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്ന് സിന്ധു പ്രതികരിച്ചു. മത്സരവിജയം അമ്മയ്ക്കാണ് സമര്‍പ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. സിന്ധുവിന്റെ വിജയം അമ്മയുടെ പിറന്നാള്‍ ദിനമായിരുന്നു്.

കോച്ച് പുല്ലേല ഗോപീചന്ദിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി പറയുന്നുവെന്നും അവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധു ഒകുഹാരയോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ കണക്ക് തീര്‍ക്കുന്നത് കൂടിയായി ഈ വിജയം.

ചൈനീസ് താരം ചെന്‍ യു ഫെയിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനലില്‍ പ്രവേശിച്ചത്. പി വി സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെന്‍ യു ഫെയിനെ പരാജയപ്പെടുത്തിയത്. 21-7, 21-14 എന്നിങ്ങനെയായിരുന്നു സെമിഫൈനലിലെ മത്സരഫലം. ഇരുവരും തമ്മിലെ ഒന്‍പതാം മത്സരമായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയത്.

ക്വാര്‍ട്ടറില്‍ ചൈനീസ് തായ് പേയ് താരം തായ് സു യിങിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സിന്ധു ഇത്തവണയും പതിവ് തെറ്റിച്ചില്ല. 12-21, 23-21, 21-19 എന്ന സ്‌കോറിനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയിരുന്നത്.

- Advertisement -