ഇന്ത്യ-പാകിസ്ഥാന്‍ ആണവയുദ്ധം ഉണ്ടായാല്‍; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

0


ഇന്ത്യ-പാക്കിസ്ഥാന്‍ ആണവയുദ്ധം ഉണ്ടായാല്‍, ഉടനടി 12.5 കോടി പേര്‍ മരിച്ചുവീഴുമെന്ന് പഠനം. അങ്ങനെ സംഭവിച്ചാല്‍ ലോകത്തെ അത് ആണവശൈത്യത്തിലേക്ക് നയിക്കും. അത് മാത്രമല്ല. അത് ആഗോള കാലാവസ്ഥാ ദുരന്തത്തിലേക്കും നയിക്കും.ഇന്ത്യ-പാക് ആണവയുദ്ധം ബോംബിടുന്ന സ്ഥലങ്ങളെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കും, ജേണല്‍ സയന്‍സ് അഡ് വാന്‍സസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2025 ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായേക്കാവുന്ന യുദ്ധസാധ്യത മുന്‍നിര്‍ത്തിയാണ് പഠനമെന്ന് യുഎസിലെ റട്ട്ജേഴ്സ് സര്‍വകലാശാലയില്‍ പഠനത്തില്‍ പങ്കാളിയായ അലന്‍ റോബോക്ക് പറഞ്ഞു.

കശ്മീരിനെ ചൊല്ലി ഇതിനകം പലതവണ അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 2025 ഓടെ, ഇരുരാജ്യങ്ങള്‍ക്കുമായി 400 മുതല്‍ 500 വരെ ആണവായുധ ശേഖരമുണ്ടാകും എന്നാണ് കണക്കാക്കുന്നത്. ആണവയുദ്ധമുണ്ടായാല്‍, കരയിലെ 15 മുതല്‍ 30 ശതമാനം വരെ പച്ചപ്പ് ഇല്ലാതാകും. സമുദ്രത്തിലെ ഉത്പാദനം 5 മുതല്‍ 15 ശതമാനം വരെ കുറയും. ആണവയുദ്ധത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കരകയറാന്‍ 10 വര്‍ഷത്തില്‍ ഏറെയെടുക്കാം. ഉയര്‍ന്ന അന്തരീക്ഷത്തില്‍ പുകപടലം ദീര്‍ഘനാള്‍ തങ്ങി നില്‍ക്കും.

ഒമ്ബത് രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ആണവായുധങ്ങളുള്ളത്. എന്നാല്‍, പാക്കിസ്ഥാനും ഇന്ത്യയുമാണ് ആണവായുധശേഖരം അടിക്കടി കൂട്ടിക്കൊണ്ടിരിക്കുന്നത്, പഠനത്തില്‍ പറയുന്നു. 2025 ആകുമ്‌ബോഴേക്കും ആണവായുധങ്ങളുടെ സ്ഫോടനശേഷി 15 കിലോടണ്‍ വരെയാകാം. ഹിരോഷിമയില്‍ അമേരിക്ക ഇട്ട ആണവബോംബിന്റെ പ്രഹരശേഷിയേക്കാള്‍ വളരെ കൂടുതലാകും ഇത്.

പല രാജ്യങ്ങള്‍ക്കും ആണവായുധങ്ങളുണ്ട്. പക്ഷേ ഇന്ത്യയും പാകിസ്താനും മാത്രമാണ് ആണവായുധങ്ങളുടെ എണ്ണം ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത്. കശ്മീരിന്റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണവായുധ പ്രയോഗത്തിന്റെ പരിണിതഫലങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആണവായുധ പ്രയോഗമുണ്ടായാല്‍ 5 – 12.5 കോടി ജനങ്ങള്‍ ഒരാഴ്ചക്കകം വെന്തുമരിക്കും. പട്ടിണി പോലുള്ള അനന്തര ഫലങ്ങള്‍ കൊണ്ടും നിരവധി ജീവനുകള്‍ പൊലിയും. രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

- Advertisement -