ചക്ക പഴയ ചക്കയല്ല..! പ്രമേഹം വരെ തോറ്റു പോകുന്ന അല്‍ ചക്ക!

0

നല്ല പഴുത്ത വരിക്കച്ചക്ക വെട്ടിയെടുത്ത്, ചുള ചകിണി കളഞ്ഞ് തിന്നുന്ന ആ ഒരു സുഖം…! എന്റെ സാറേ…! രുചിക്കൊപ്പം ചക്കപ്പഴത്തിനുള്ള ഗുണങ്ങള്‍ കൂടി അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. ഇപ്പോഴിതാ പ്രമേഹ രോഗികള്‍ക്ക് ആശ്വാസമേകുന്ന ഒരു പഠനം കൂടി ചക്കയെപ്പറ്റി നടന്നിരിക്കുന്നു. ദൂരെയെങ്ങുമല്ല, നമ്മുടെ കേരളത്തില്‍ തന്നെ.
ചക്ക സീസണില്‍ പ്രമേഹ രോഗികള്‍ കഴിക്കുന്ന മരുന്നിന്റെ അളവ് കുറഞ്ഞെന്നാണ് പഠന റിപ്പോര്‍ട്ട്.
ഡോ എസ് കെ അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫാണ് പഠന റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്

ചക്ക കൂടുതലായും സാധാരണക്കാരാണ് ഉപയോഗിക്കുന്നത്. അതിനാല്‍ മരുന്നുകള്‍ക്കായി സാധാരണക്കാര്‍ ആശ്രയിക്കുന്ന കാരുണ്യ ഫാര്‍മസിയെയാണ് ആദ്യം പഠനത്തിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്ന സ്ഥാനത്ത് ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഏപ്രിലില്‍ വില്‍പ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു. മേയിലും ജൂണിലും ആറുലക്ഷമായി. ഒക്ടോബറില്‍ വീണ്ടും എട്ടു ലക്ഷത്തിലെത്തി.

ചക്ക സീസണില്‍ മരുന്നുവില്‍പ്പന 25 ശതമാനം താഴുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ കൂടുകയുമാണെന്നാണ് നിഗമനത്തിലെത്തയത്. പ്രമേഹ രോഗികളില്‍ 18 പേര്‍ക്ക് ഉച്ചയ്ക്ക് ചോറും 18 പേര്‍ക്ക് ചക്കപ്പുഴുക്കും നല്‍കി ചക്ക കഴിച്ചവര്‍ക്ക് നാലുമാസംകൊണ്ട് പ്രമേഹത്തനുള്ള മരുന്നിന്റെ അളവ് കുറയ്ക്കാനായി സാധിച്ചു. ചോറിനെക്കാള്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവും ഫൈബര്‍ കൂടുതലുമുള്ള ചക്ക പോലെയുള്ളവ സീസണല്ലാത്തപ്പോഴും ശാസ്ത്രീയമായി പരിപാലിച്ച് ഫലലഭ്യത ഉറപ്പു വരുത്തണമെന്ന് പഠനം ആവശ്യപ്പെടുന്നു

ചക്കയുടെ വന്‍ സാധ്യതകള്‍ മലയാളി തിരിച്ചറിയുന്നില്ല. ഓരോ സീസണിലും മുറ്റത്തും തൊടിയിലും പഴുത്തുവീഴുന്ന ഓരോ ചക്കയും നൂറും ആയിരവും രൂപയുടെ വിഭവമാണ്. പ്രോട്ടീന്‍ സമൃദ്ധവും വിഷരഹിതവുമായ ചക്കയെ തൊടിയിലെറിഞ്ഞ് മലയാളി ഫാസ്റ്റ് ഫുഡുകള്‍ക്കു പിന്നാലെ പായുന്നു- ജയിംസ് ജോസഫ് പറയുന്നു

ചക്കയുടെ ഗുണങ്ങള്‍

ജാക്ക എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം പശയുള്ളത്, കായുള്ളത് എന്ന അര്‍ഥത്തില്‍ ഇതിന്റെ വൃക്ഷത്തിന് പ്ലാവ് എന്നും പേരുകിട്ടി.
ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് പ്ലാവ് ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്ക, തായ്‌ലാന്‍ഡ്, ജമൈക്ക, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ബ്രസീല്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഈ വൃക്ഷം വളരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത് .

കീടനാശിനികളില്ലാത്തതിനാല്‍ വിശ്വാസത്തോടെ കഴിക്കാവുന്ന ഏക ഭക്ഷണമാണ് ചക്ക. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ചക്കയില്‍ അടങ്ങിയിരിക്കുന്നു. ചക്കയിലെ നാരുകള്‍ വന്‍കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ രഹിതമായ ചക്കയില്‍ സോഡിയത്തിന്റെ അളവും കുറവാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു.

പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം. പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാം ഉള്ള ചക്കയില്‍ നിന്നു കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയും എന്നാണ് ഹോര്‍ട്ടി കള്‍ചര്‍ മിഷന്‍ പറയുന്നത്. …

ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും. ആസ്തമ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതു മാത്രമല്ലാ, തൈറോയ്ഡ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്. ഹോര്‍മോണ്‍ ഉല്‍പാദനം ശരിയായ രീതിയില്‍ നടക്കുന്നതിന് ചക്ക സഹായിക്കും. ഇതില്‍ ധാരാളം മഗ്നീഷ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക കൊടുക്കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കും. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തും.

ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും. ധാരാളം നാരുകള്‍ അടങ്ങിയാതിനാല്‍ ദഹനം ശക്തിപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയും. ചാക്കയിലുള്ള ലിഗ്നാന്‍സ് എന്ന പോളിന്യൂട്രിയന്റുകള്‍ ക്യാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും. വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

പ്ലാവിലയില്‍ കഞ്ഞി കോരിക്കുടിക്കുന്ന ശീലം മലയാളികള്‍ക്ക് ഉണ്ടായിരുന്നു. ഇങ്ങനെ കഞ്ഞികുടിക്കുന്നതുവഴി വായിലെയും വയറ്റിലെയും അള്‍സര്‍ ശമിക്കുമത്രേ. പ്ലാവിലഞെട്ടിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കുട്ടികളുടെ പനി മാറും. പ്ലാവില കത്തിച്ച് കിട്ടുന്ന ചാരം വെളിച്ചെണ്ണയില്‍ ചാലിച്ച് മുറിവില്‍ പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങുമത്രേ. പ്ലാവില കഴിക്കുന്ന ആടിന്റെ പാല്‍ കുടിക്കുന്നതുവഴി അപാരമായ പ്രതിരോധശേഷിയുണ്ടാകും.

- Advertisement -