നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; വഴിത്തിരിവായത് ആത്മഹത്യ കുറുപ്പ്; മന്ത്രവാദവും പീഡനവും അന്വേഷിച്ച് പൊലീസ്

0


നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കിയത് ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യകുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ആത്മഹത്യാക്കുറിപ്പില്‍ ബാങ്കിനെതിരെ പ്രത്യേകിച്ച് പരാമര്‍ശങ്ങളൊന്നുമില്ല. ആത്മഹത്യക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളുമാണെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മന്ത്രവാദവും പീഡനവുമടക്കമുള്ള സാധ്യതകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വിനോദ് പറഞ്ഞു.

ചുമരില്‍ ഒട്ടിച്ച നിലയില്‍ രണ്ട് വശങ്ങളിലായി എഴുതിയ കടലാസാണ് ആത്മഹത്യാക്കുറിപ്പായി കിട്ടിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കുറിപ്പില്‍ ആദ്യത്തെ പേജില്‍ വലിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നത്. ‘എന്റെയും മോളുവിന്റെയും ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്’ എന്നാണ്. താന്‍ പറയുന്നതൊന്നും ഭര്‍ത്താവ് ചന്ദ്രന്‍ കേള്‍ക്കാറില്ലെന്നും കൃഷ്ണമ്മയും ശാന്തയും പറയുന്നത് മാത്രമേ കേള്‍ക്കൂ എന്നും കുറിപ്പിലുണ്ട്. ചന്ദ്രന്റെ ഭര്‍ത്താവിന്റെ അമ്മയാണ ്കൃഷ്ണമ്മ.

കുറിപ്പിലുള്ളതിങ്ങനെ:

ഞാന്‍ വന്ന കാലം മുതല്‍ ഇത് അനുഭവിക്കുന്നതാണ്. എന്നെയും മോളെയും പറ്റി ലോകം മുഴുവന്‍ പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനം തരാത്തതിന് കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്യിച്ചു. എന്നിട്ട് എന്നെ വീട്ടില്‍ കൊണ്ടു വിട്ടിട്ട് പോയി. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. നേരം വെളുത്താല്‍ മുതല്‍ അവസാനം വരെ എന്നെയും മോളെയും കൃഷ്ണമ്മ വഴക്ക് പറയുകയാണ്. നിന്നെയും നിന്റെ മോളെയും ഞാന്‍ കൊല്ലും എന്നാണ് പറയുന്നത്. എന്നും ഇതാണ് ഞാന്‍ അനുഭവിക്കുന്നത്.

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും തടസ്സം നില്‍ക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആല്‍ത്തറ ഉണ്ട്, അവ!ര്‍ നോക്കിക്കോളും ഒന്നും പേടിക്കണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കോളും എന്ന് പറഞ്ഞ് അവര്‍ മോനെ വഴി തെറ്റിക്കും. നാട്ടുകാരുടെ കയ്യില്‍ നിന്ന് ചന്ദ്രന്‍ (എന്റെ ഭര്‍ത്താവ്) അറിയാതെ ഞാന്‍ അഞ്ച് പൈസ ആരില്‍ നിന്നും വാങ്ങിയിട്ടില്ല. ഞാന്‍ അയച്ച പൈസ മകന് അറിയാം. ഞാന്‍ ബാങ്കിലും നാട്ടുകാര്‍ക്കും പലിശയും കൊടുത്തു. 22,000 രൂപ ശമ്പളമാണ്. രണ്ട് ലോണുണ്ട്. പലിശക്കാര്‍ എന്നോട് എന്ത് ചെയ്തു എന്ന് ഭര്‍ത്താവിന് അറിയാം. അതിന് ശേഷം 9 മാസമായി ഭര്‍ത്താവ് വന്നിട്ട്.

ലോണില്‍ ബാങ്കില്‍ നിന്ന് ജപ്തിയായി. പത്രത്തില്‍ ഇട്ടു. ജപ്തി നോട്ടീസ് ഇട്ടു. എന്നിട്ടും ഭര്‍ത്താവ് ബാങ്കില്‍ ചെന്ന് അന്വേഷിച്ചില്ല. ജപ്തി നോട്ടീസ് മന്ത്രവാദക്കളത്തില്‍ ആല്‍ത്തറയില്‍ ഇട്ട് പൂജിക്കുകയാണ് അമ്മയുടെയും മകന്റെയും ജോലി.

ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. അമ്മയുടെ വാക്ക് കേട്ട് എന്നെ തല്ലുകയും ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. അമ്മയുടെ മുന്നില്‍ ആളാകാന്‍ എന്തും പറയും. എനിക്കും എന്റെ കൊച്ചിനും ആഹാരം കഴിക്കാന്‍ പോലും വകയില്ല.”

- Advertisement -