ഇടിയും മിന്നലും തമ്മില്‍

0


മേഘങ്ങളില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതി ധാരയാണ് മിന്നല്‍. മേഘങ്ങള്‍ തമ്മിലോ ഭൂമിയിലേക്കോ വൈദ്യുതി പ്രവഹിക്കാം. ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാവും ഈ പ്രവാഹം. വളരെ തീവ്രത കൂടിയ വൈദ്യുത പ്രവാഹമാണിത്, ദശലക്ഷക്കണക്ക് വോള്‍ട്ടും പതിനായിരക്കണക്ക് ആംപിയര്‍ ശക്തിയുമുണ്ടിതിന്.ഈ ശക്തമായ വൈദ്യുതി പ്രവാഹത്തോടൊപ്പം വെളിച്ചവും ശബ്ദവും ഉണ്ടാവും, വായുവിന്റെ പ്രതിരോധം മൂലമാണിത്. വെളിച്ചത്തെ മിന്നലെന്നും ശബ്ദത്തെ ഇടി എന്നും നമ്മള്‍ വിളിക്കുന്നു.

ഇടിമിന്നലേറ്റാല്‍ മൂന്ന് തരത്തിലുള്ള പരിക്കുകളാണുണ്ടാവുക

  1. പൊള്ളല്‍ മൂലം
  2. സ്‌ഫോടനം മൂലം
  3. വൈദ്യുതി മൂലം

പൊള്ളല്‍ (Burns)

പ്രത്യേക ആകൃതിയിലുള്ള പൊള്ളലുകള്‍ ഉണ്ടാവാം. 0.3 മുതല്‍ 2.5 സെന്റീമീറ്റര്‍ വരെ വീതിയും 3 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളവുമുള്ള നേര്‍രേഖയിലുള്ള പൊള്ളലുകള്‍ സാധാരണമാണ്. ശരീരത്തില്‍ ധരിച്ചിരിക്കുന്ന ലോഹ ആഭരണങ്ങള്‍ ഉരുകിയും പൊള്ളലുണ്ടാവാം. 1000 ഡിഗ്രി സെല്‍ഷ്യസ് ദ്രവണാങ്കമുള്ള സ്വര്‍ണ്ണം പോലും ഉരുകാം. വസ്ത്രങ്ങളും ചെരുപ്പും മറ്റും കത്തിപ്പോകാനും സാധ്യതയുണ്ട്.
വൃക്ഷത്തില്‍ നിന്നും ശിഖിരങ്ങള്‍ പടരുന്ന ആകൃതിയാണിതിനുള്ള അടയാളങ്ങളാണ് ഇടിമിന്നലേറ്റാല്‍ ശരീരത്തില്‍ കാണുക. രക്ഷപ്പെടുന്ന വ്യക്തികളില്‍ ഒന്നോ രണ്ടോ ദിവസത്തിനകം ഈ അടയാളം അപ്രത്യക്ഷമാകും.

സ്‌ഫോടനം (Blast effect)

ഇടിമിന്നലുണ്ടാവുമ്പോള്‍ അന്തരീക്ഷവായു അതി ശക്തമായി ചൂടാവുന്നു. 20000 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാം ഇത്. ശക്തമായ ഈ ചൂടില്‍ വായു അതിശക്തമായി വികസിക്കുന്നു. ഒരു സ്‌ഫോടനത്തിന് സമാനമാണിത്. തലയോട്ടിക്കോ, എല്ലുകള്‍ക്കോ പൊട്ടലുണ്ടാവാനും ശ്വാസകോശം, കുടല്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്ക് പരിക്കുണ്ടാവാനും ഇത് കാരണമാവാം. മാംസപേശികളില്‍ പരിക്കുണ്ടാവുകയും പരിക്ക് പറ്റിയ പേശികളില്‍നിന്നും ചില ഘടകങ്ങള്‍ രക്തത്തില്‍ കലരാനും അത് കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ഇടയാക്കാം (Crush Syndrome). ചിലപ്പോള്‍ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം കൂടി ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലാവാം.

വൈദ്യുതി മൂലം

വൈദ്യുതാഘാതം (Eletcric Shock), തെറിച്ചു വീഴുന്നത് കൊണ്ടുള്ള പരിക്കുകള്‍, ശ്വാസനം നിലയ്കല്‍ , ഹൃദയത്തിന്റെ താളം തെറ്റല്‍, തീവ്രത കൂടിയ പൊള്ളല്‍ (ഇടി മിന്നല്‍ ഏല്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ പൊള്ളല്‍ ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടാവാം). ഇവയുടെ എല്ലാം പരിണിതഫലമായി ജീവഹാനിയോ, താല്‍ക്കാലികമോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങളോ ഉണ്ടാവാം.

മിന്നലേല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍

ശരീരത്തിലൂടെയുള്ള ശക്തമായ വൈദ്യുത പ്രവാഹത്താല്‍ മിന്നലേറ്റയുടന്‍ അബോധാവസ്ഥയിലാവാനും, പക്ഷാഘാതം സംഭവിക്കാനും, മരണം സംഭവിക്കാനും സാധ്യതയുണ്ട്.
അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടും, പലപ്പോഴും ഭാഗ്യം കൊണ്ടും ജീവന്‍ കിട്ടിയാലും പലപ്പോഴും ഇതിന്റെ ബാക്കിപത്രമായി പല തകരാറുകളും ഉണ്ടായേക്കാം.
അതില്‍ ഓര്‍മ്മക്കുറവ്, കാഴ്ചയും കേള്‍വിയും നശിക്കുക, ചെവിയില്‍ മൂളല്‍, തലകറക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കാണപ്പെടുക.
പൊള്ളല്‍ മൂലമോ, സ്‌ഫോടനം മൂലമുണ്ടാകുന്ന പരിക്ക് മൂലമോ, വൈദ്യുതാഘാതം മൂലമോ മരണം സംഭവിക്കാം.
സ്‌ഫോടനത്തിന്റെ ശക്തിയില്‍ കര്‍ണ്ണപടത്തില്‍ സാരമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
മസ്തിഷ്‌കത്തിലും സുഷുമ്‌നയിലും രക്തസ്രാവവും നാഡികള്‍ക്ക് ക്ഷതവും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
കാഴ്ചക്ക് സഹായിക്കുന്ന നാഡിക്ക് പരിക്കേല്‍ക്കുന്നതിനാല്‍ കാഴ്ചയും നഷ്ടപ്പെടാം.

മിന്നലേല്‍ക്കാവുന്ന സാഹചര്യങ്ങള്‍

ഒരാളുടെ ശരീരത്തില്‍ നേരിട്ട് മിന്നലേറ്റോ, സമീപത്തുള്ള താരതമ്യേന പ്രതിരോധം കുറഞ്ഞ ലോഹങ്ങളിലോ മറ്റോ മിന്നലേറ്റോ, ആള്‍ നില്‍ക്കുന്ന പ്രതലത്തില്‍ മിന്നലേറ്റോ അപകടം സംഭവിക്കാം. കൂടാതെ മിന്നലിലെ വൈദ്യുതി ജലത്തിലേക്ക് പ്രവഹിച്ച് ആ ജലപ്രവാഹം ശരീരത്തില്‍ സ്പര്‍ശിച്ചും വൈദ്യുതാഘാതമേല്‍ക്കാം.

ഉയരമുള്ള വസ്തുക്കളിലാണ് ഏറ്റവും പെട്ടെന്ന് മിന്നലേല്‍ക്കുക. കൂര്‍ത്ത അഗ്രമുള്ള വസ്തുക്കളിലാണ് കൂടുതല്‍ എളുപ്പത്തില്‍ മിന്നലേല്‍ക്കുന്നതെന്നും അറിയാമല്ലോ. ഈ തത്വമാണ് മിന്നല്‍ രക്ഷാ ചാലകങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ജാഗ്രത വേണ്ട കാര്യങ്ങള്‍

കഴിയുന്നതും മഴയും ഇടിയും ഉണ്ടാവുന്നതിനു മുന്‍പ്, കുറഞ്ഞ പക്ഷം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കരുത്.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി അകത്തു തന്നെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന വസ്ത്രങ്ങള്‍, അയ്യോ നനയുമെന്ന് പേടിച്ച് എടുക്കാന്‍ ഓടരുത്. അവ നനഞ്ഞാലും സാരമില്ല. ഉടുക്കാനുള്ള ആളാണ് പ്രധാനം.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

ഇടിമിന്നലേറ്റ് അബോധാവസ്ഥയില്‍ ഉള്ള ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം/ചെയ്യരുത്

  1. സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേല്‍ക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ കറണ്ടടിക്കില്ല.
  2. പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്.
  3. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം, ഇജഞ എന്നിവ നല്‍കുക.
  4. മിന്നലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
  5. പെട്ടെന്നുള്ള വീഴ്ചയില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ ഒരാളെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടാവാനുള്ള സാധ്യതകൂടി പരിഗണിച്ചുവേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുവാന്‍.
  6. പരിക്കേറ്റയാളുകളെ ശ്രദ്ധാപൂര്‍വ്വം മാത്രം വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക.


കടപ്പാട്; ഇന്‍ഫോ ക്ലിനിക്ക്‌

- Advertisement -