അൺലോക്ക് രണ്ടാം ഘട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല ,നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും തീവണ്ടി സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കും

0

അൺലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് ജൂലായ് 15 മുതൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം.അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് പറക്കാം. മെട്രോ തീവണ്ടി സർവീസുകളും ഉണ്ടാവില്ല. സിനിമാ തീയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല. നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും തീവണ്ടി സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രകളിലും തുടർന്നും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളിൽ സാമൂഹ്യ അകലം (ആറടി) പാലിക്കുന്നതും തുടരണം. വിവാഹങ്ങൾക്ക് പരമാവധി 50 പേരെയും ശവസംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേരെയും മാത്രമെ അനുവദിക്കൂ. പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിയമാനുസൃതമായ പിഴ ചുമത്താം. മദ്യം, പുകയില, പാൻ, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളിൽ നിരോധിക്കുമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -