വർക്ക് ഫ്രം ഹോം പതിവു തൊഴിൽരീതിയാക്കാൻ കേന്ദ്രസർക്കാർ കരടു മാർഗരേഖ തയ്യാറാക്കി

0

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കേന്ദ്രസർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ വീട്ടിലിരുന്നുള്ള ജോലി (വർക്ക് ഫ്രം ഹോം) പതിവു തൊഴിൽരീതിയാക്കാൻ വഴിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കരടു മാർഗരേഖ തയ്യാറാക്കി. വിവിധ മന്ത്രാലയങ്ങളോട് ഈ മാസം 21-നകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിനെത്തുടർന്ന് 75 മന്ത്രാലയങ്ങൾ ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി നിർബന്ധമാക്കി. ഇതിൽ 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ജോലികളും ഇ-ഓഫീസ് വഴിയായിക്കഴിഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളുടെ ഇ-ഓഫീസ് കാര്യക്ഷമമാക്കാനും രഹസ്യസ്വഭാവം ഉറപ്പാക്കാനുമുള്ള സാങ്കേതികസൗകര്യങ്ങൾ നടപ്പാക്കാൻ നാഷണൽ ഇൻഫോമാറ്റിക് സെന്റ(എൻ.ഐ.സി)റിനെ ചുമതലപ്പെടുത്തി. ഭാവികാലനയമെന്ന തരത്തിൽ ജീവനക്കാർക്കു വർഷത്തിൽ 15 ദിവസം വീട്ടിലിരുന്നു ജോലിയെടുക്കാവുന്ന തരത്തിൽ മന്ത്രാലയങ്ങൾ പദ്ധതി തയ്യാറാക്കണമെന്നും കരടു മാർഗരേഖ നിർദേശിച്ചു.

മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ

  • ജീവനക്കാർക്ക് ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാക്കണം. ഡേറ്റാ റീച്ചാർജിന് റീഇംപേഴ്സ്മെന്റ് നൽകണം. ഓഫീസ് ജോലിക്ക് ഔദ്യോഗിക ലാപ്ടോപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ.
  • സെക്ഷൻ ഓഫീസർ മുതൽക്കുള്ള ഉദ്യോഗസ്ഥർക്കായി വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് സജ്ജമാക്കണം.
  • രഹസ്യസ്വഭാവമുള്ള ഫയലുകൾ ഇ-ഓഫീസുകൾ വഴി കൈകാര്യം ചെയ്യരുത്. ഓരോ ഫയലുകൾ നീങ്ങുമ്പോഴും അടിയന്തരശ്രദ്ധ ക്ഷണിക്കാനായി ഇ-മെയിൽ, എസ്.എം.എസ്. അലർട്ടുകൾ നൽകണം.
  • ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസ് സമയങ്ങളിൽ ഫോണിൽ ലഭ്യമായിരിക്കണം.
  • ഉപകരണങ്ങളുടെയും വെബ്സൈറ്റുകളുടെയുമൊക്കെ സുരക്ഷ എൻ.ഐ.സി. ഉറപ്പാക്കണം.
  • ഓരോ മന്ത്രാലയങ്ങളും പ്രത്യേക ഹെൽപ്ഡെസ്ക് തുടങ്ങണം. കൂടാതെ ഒരു കേന്ദ്രീകൃത ഹെൽപ് ഡെസ്കും പ്രവർത്തിക്കും

- Advertisement -